അശരണർക്ക് ആശ്രയവുമായി ഷിക്കാഗോ കെസിഎസിന്റെ ക്രിസ്മസ് കരോൾ
Saturday, December 3, 2016 8:14 AM IST
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് ഈ വർഷം വ്യത്യസ്തമായ ഒരു ക്രിസ്മസ് കരോൾ സംരംഭവുമായി ക്രിസ്മസിനെ വരവേൽക്കുന്നു. കോട്ടയം അതിരൂപതയിലെ അഗതി മന്ദിരങ്ങളിൽ ആശ്രിതരായി കഴിയുന്ന ആളുകൾക്ക് ക്രിസ്മസ് വിരുന്ന് ഒരുക്കികൊണ്ടാണ് ഷിക്കാഗോ കെസിഎസ് അശരണർക്ക് ആശ്രയമാകാൻ ഭാരവാഹികൾ തീരുമാനിച്ചത്.

ഈ ക്രിസ്മസ് സീസണിൽ നന്മയുടെ കൈത്താങ്ങിനായി ഷിക്കാഗോയിലെ ക്നാനായ സമുദായ അംഗങ്ങളുടെ മുൻപിൽ കെസിഎസ് കരോൾ കമ്മിറ്റി എത്തുമ്പോൾ നാട്ടിൽ ആശ്രിതരായി കഴിയുന്നവർക്ക് താങ്ങാകുവാൻ എനിക്കും സാധിച്ചു എന്നത് ഏവർക്കും അഭിമാനിക്കാവുന്നതാണ്. കൈപ്പുഴ അസൈലം, ഏറ്റുമാനൂർ സാൻ ജോസ്, ഉഴവൂർ തെളളകം, മലബാർ എന്നിവിടങ്ങളിലുളള കോട്ടയം അതിരൂപതയിലെ അഗതി മന്ദിരങ്ങളിൽ ക്രിസ്മസ് വിരുന്ന് ഒരുക്കിയാണ് ഇക്കുറി കെസിഎസ് മാതൃക കാട്ടുന്നത്.

കരോളുമായി ഭവനങ്ങൾ സന്ദർശിക്കുമ്പോൾ ലഭിക്കുന്ന നിർലോഭമായ സഹകരണം സംഘാടകർക്ക് കൂടുതൽ ശക്‌തി നൽകിയിരിക്കുകയാണെന്ന് പ്രസിഡന്റ് ബിജു പൂത്തുറയിൽ അറിയിച്ചു. സാജു കണ്ണമ്പളളി, ജോണിക്കുട്ടി പിളള വീട്ടിൽ, ഷിബു മുളയനാനിക്കുന്നേൽ, സിബിൻ വിലങ്ങുകല്ലേൽ, കെസിഎസ് ബോർഡ് മെംബമാർ എന്നിവർ കരോളിന് നേതൃത്വം നൽകും.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ