പത്തനംതിട്ട സ്വദേശിയെ കേളി സഹായത്തോടെ നാട്ടിലെത്തിച്ചു
Saturday, December 3, 2016 10:36 AM IST
റിയാദ് : അസുഖത്തെ തുടർന്ന് ജോലി ചെയ്യാൻ കഴിയാത്തതിന്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കിയ പത്തനംതിട്ട അടൂർ സ്വദേശി സുരേഷിനെ കേളി സഹായത്താൽ നാട്ടിലെത്തിച്ചു.

മൂന്നു വർഷം മുൻപാണ് സുരേഷ് ഹൗസ് ഡ്രൈവർ വീസയിൽ മുർസലാത്തിൽ എത്തിയത്. ആദ്യ രണ്ടു വർഷം നല്ലരീതിയിൽ തന്നെ സ്പോൺസർ പെരുമാറുകയും കൃത്യമായി ശമ്പളം നൽകുകയും ചെയ്തു. എന്നാൽ അതിനിടയിൽ സുരേഷ് ബാത്റൂമിൽ വീണ് കാലിന് ഒടിവു സംഭവിക്കുകയും മൂന്നു മാസം വിശ്രമം നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് നാട്ടിൽ അവധിക്കുപോയ സുരേഷ് തിരികെ എത്തി എട്ടു മാസം ജോലി ചെയ്തു. രണ്ടുമാസത്തോളം ശമ്പളം ലഭിച്ചില്ല. തണുപ്പ് തുടങ്ങിയതോടെ കാലിന്റെ വേദന വർധിക്കുകയും നാട്ടിൽ പോയി ചികിൽസിക്കാൻ അനുവദിക്കണമെന്ന് സ്പോൺസറോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് സ്പോൺസർ ലീവ് നൽകാമെന്നും ടിക്കറ്റ് എടുത്തുവരാൻ ആവശ്യ പെടുകയും ശമ്പളകുടിശിക നൽകാൻ ഒപ്പിടിവിക്കുകയും ചെയ്തു.

പാസ്പോർട്ടിനൊപ്പം ശമ്പളവും ലഭിക്കുമെന്ന ഉദ്ദേശത്തിൽ അമ്മാവനായ സുകുപ്രസാദിൽനിന്നും ടിക്കറ്റ് എടുക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. പക്ഷെ ടിക്കറ്റുമായി വന്ന സുരേഷിനോട് പകരം വന്ന ഡ്രൈവർക്കു താമസിക്കാൻ റൂമിൽനിന്നും ഒഴിയണമെന്നും ഇതിനു തായാറാകാഞ്ഞതോടെ ക്രൂരമായി മർദിക്കുകയും വീടിനു പുറത്താക്കുകയും ചെയ്തു. ഇതു കണ്ട സ്വദേശി ഡോക്ടർ സുരേഷിനോട് അലിവുതോന്നി അഭയം നൽകി. തുടർന്ന് അമ്മാവൻ മുഖാന്തരം വിവരങ്ങൾ കേളി പ്രവർത്തകരെ അറിയിക്കുകയും കേളി ന്യൂ സനയ്യ ജീവകാരുണ്യ വിഭാഗം കൺവീനർ അബാസ് വിഷയത്തിൽ ഇടപെടുകയും എംബസിയിലും ലേബർ കോർട്ടിലും പരാതി നൽകുകയും ചെയ്തു.

എംബസി നിർദ്ദേശപ്രകാരം കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ , അബാസ്, മനോഹരൻ എന്നിവർ സ്പോൺസറുമായി സംസാരിച്ചുവെങ്കിലും മോചനവുമായി ബന്ധപ്പെട്ട തീരുമാനമൊന്നുമുണ്ടായില്ല. തുടർന്ന് കോടതിയിലൂടെ അനുകൂല വിധി സമ്പാദിച്ചു. ബാക്കിയുണ്ടായിരുന്ന ശമ്പളമോ ടിക്കറ്റോ നൽകാൻ സ്പോൺസർ തയാറായില്ല. ഒരുമാസകാലം അഭയം നൽകിയ ഡോക്ടർ സുരേഷിന് നാട്ടിലേക്കുള്ള ടിക്കറ്റും നൽകി. കഴിഞ്ഞ ദിവസം എയർ അറേബ്യാ വിമാനത്തിൽ സുരേഷ് നാട്ടിലേക്ക് മടങ്ങി.