യൂറോസോണിൽ തൊഴിലില്ലായ്മാ നിരക്ക് രണ്ട് അക്കത്തിനു താഴെയായി
Saturday, December 3, 2016 10:38 AM IST
ബർലിൻ: 2011 നു ശേഷം ഇതാദ്യമായി യൂറോസോണിലെ തൊഴിലില്ലായ്മാ നിരക്ക് പത്തു ശതമാനത്തിനു താഴെയെത്തി.

ഒക്ടോബറിലെ കണക്കനുസരിച്ച് 9.8 ശതമാനമാണ് മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക്. സെപ്റ്റംബറിൽ പ്രവചിക്കപ്പെട്ടിരുന്നത് ഒക്ടോബറിൽ നിരക്ക് 9.9 ശതമാനത്തിലെത്തുമെന്നാണ്. യഥാർഥ കണക്കിൽ അതിലും താഴെയെത്തി. യൂറോസ്റ്റാറ്റ് പ്രവചിച്ചിരുന്നത് പത്തു ശതമാനവുമായിരുന്നു.

ജർമനിയിൽ തൊഴിലില്ലായ്മാ നിരക്ക് 4.1 ശതമാനം. പോർച്ചുഗലിൽ 10.8 ശതമാനവും. ഗ്രീസിൽ ഇപ്പോഴും 23.4 ശതമാനത്തിൽ നിൽക്കുന്നു. എന്നാൽ, ഓഗസ്റ്റ് വരെയുള്ള കണക്കു മാത്രമാണ് ഗ്രീസിൽനിന്നു ലഭ്യമായിട്ടുള്ളത്. യൂറോപ്പിലേയ്ക്കുള്ള അദ്ഭുതപൂർവമായ അഭയാർഥി പ്രവാഹം ഉണ്ടായിട്ടും തൊഴിലില്ലായ്മ പ്രശ്നവുമായി അഭയാർഥികളെ ബന്ധപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ