റൺവേയിലെത്തിയ കെഎൽഎം പൈലറ്റിന് വിമാനത്താവളത്തിൽ ഹൃദയാഘാതം
Saturday, December 3, 2016 10:38 AM IST
ഗ്ലാസ്ഗോ : ടേക്ക്ഓഫിനായി റൺവേയിലെത്തിയ കെഎൽഎം വിമാനത്തിന്റെ പൈലറ്റിന് ഹൃദയാഘാതം. സ്കോട്ലന്റിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിലെ റൺവേയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഗ്ലാസ്ഗോയിൽ നിന്ന് നെതർലാൻഡ്സിലെ ആംസ്റ്റർഡാമിലേയ്ക്കു പുറപ്പെടാൻ ഒരുങ്ങവേയാണ് ഡച്ച് പൈലറ്റിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻതന്നെ കാബിൻ ക്രൂവും യാത്രക്കാരും കൂടി പ്രാഥമിക ശുശ്രൂഷകൾ നൽകി. വിവരം അറിയിച്ചതിനെത്തുടർന്ന് സ്കോട്ടിഷ് ആംബുലൻസ് സർവീസ് എത്തി പൈലറ്റിനെ ക്ലിഡെബാങ്ക് ഗോൾഡൻ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സമയം കോ പൈലറ്റ് ഉടൻതന്നെ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.

വിമാനത്തിൽ 128 യാത്രക്കാരാണുണ്ടായിരുന്നത്. പൈലറ്റിന്റെ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ