‘ലൈറ്റ് ഇൻ ലൈഫ്’ ഒരുക്കിയ ചാരിറ്റി ഗാല അവിസ്മരണീയമായി
Monday, December 5, 2016 3:51 AM IST
സൂറിച്ച്: സ്വിറ്റസർലൻഡിലെ ചാരിറ്റി സംഘടനയായ ലൈറ്റ് ഇൻ ലൈഫ് ചാരിറ്റിയുടെ ധനശേഖരണാർഥം സംഘടിപ്പിച്ച മെഗാ ചാരിറ്റി ഗാലയിൽ ബാലഭാസ്കറിന്റെ ടീം വയലിൻ തന്ത്രികൾ കൊണ്ട് സംഗീതമായാജാലം തീർത്തു.

ഡിസംബർ മൂന്നിന് സൂറിച്ച് വിന്റർത്തൂറിലെ വീസൻദാൻഗൺ ഓഡിറ്റോറിയത്തിലായിരുന്ന മ്യൂസിക് ഷോ അരങ്ങേറിയത്. ‘എ മാജിക്കൽ മിക്സ് ഓഫ് ഫ്യൂഷൻ ആൻഡ് ഫാഷൻ’ ഹാൾ തിങ്ങിനിറഞ്ഞ കാണികൾക്ക് അവിസ്മരണീയമായി. പരിപാടിക്കു മാറ്റുകൂട്ടുവാൻ ഡെൽസി നൈനാന്റെ സ്വരമാധുരിയും ഒപ്പം സൂറിച്ചിലെ നാച്ചലെ ഡാൻസ് ഗ്രൂപ്പിന്റെ നൃത്തനിർത്യങ്ങളും അരങ്ങേറി.

ലൈറ്റ് ഇൻ ലൈഫ് സെക്രട്ടറി ഏബ്രാഹം മാത്യു സംഘടനയുടെ മൂന്നുവർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. പ്രസിഡന്റ് ഷാജി അടത്തല, തൗഫൻ ഗമൈൻദേ പള്ളി കമ്മിറ്റി പ്രസിഡന്റ് അൽഫോൻസ് അങേൻ, പാരിഷ് പ്രസിഡന്റ് ക്രിസ്റ്റോഫ് വൂർമിലി, മാത്യു തെക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. അൽഷാ അടത്തലയും ജോർജ് നടുവത്തേട്ടും പരിപാടിയുടെ അവതാരകരായിരുന്നു. സ്വിസിലെ അറിയപ്പെടുന്ന ഇന്ത്യൻ റസ്റ്ററന്റ് ആയ കേരള റസ്റ്ററന്റ് ഒരുക്കിയ വിഭവസമൃദ്ധമായ ഇന്ത്യൻ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

സ്വിറ്റസർലൻഡിലെ പതിനൊന്നു മലയാളി കുടുംബങ്ങൾ ചേർന്ന് മൂന്നു വർഷം മുൻപ് രൂപം കൊടുത്ത ലൈറ്റ് ഇൻ ലൈഫ് എന്ന സംഘടന ഇന്ത്യയിൽ വിവിധ പ്രോജക്ടുകളിലായി ചുരുങ്ങിയ കാലയളവിൽ ഒന്നര കോടിയിലധികം രൂപയാണ് സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി വിനിയോഗിച്ചത്. ഇപ്പോൾ മേഘാലയത്തിൽ ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടിന്റെയും ഇടുക്കിയിലെ ഭവന നിർമാണ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ പത്തു വീടുകൾ പണിയുന്നതിനുള്ള ധനശേഖരണാർഥമാണ് ചാരിറ്റി ഷോ സംഘടിപ്പിച്ചത്.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ