പ്രസ്റ്റണിൽ കമ്മീഷൻ ചെയർമാന്മാരുടെ ആദ്യസമ്മേളനം ചേർന്നു
Monday, December 5, 2016 3:52 AM IST
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ അജപാല പ്രവർത്തനങ്ങളിൽ രൂപതാധ്യക്ഷനെ സഹായിക്കുന്നതിനായി രൂപീകരിച്ച വിവിധ കമ്മീഷനുകളുടെ ചെയർമാന്മാരുടെ ആദ്യ സമ്മേളനം പ്രസ്റ്റൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയ പാരിഷ് ഹാളിൽ ചേർന്നു. പതിനഞ്ചോളം വിവിധ കമ്മീഷനുകളുടെ തലവന്മാരായി നിയമിതരായവരാണ് മാർ സ്രാമ്പിക്കലുമായി കൂടിക്കാഴ്ച നടത്തിയത്.

അജപാലനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിശ്വാസികളുടെ സൗകര്യത്തെ പരിഗണിച്ചും രൂപത വിവിധ റീജണുകളായി തിരിക്കുന്നതുമായി ബന്ധപ്പെട്ട ചിന്തകൾ മാർ സ്രാമ്പിക്കൽ കമ്മീഷൻ ചെയർമാന്മാരുമായി പങ്കുവച്ചു. വിവിധ രൂപതകളുടെ ഭൂമിശാസ്ത്രപരമായ സൗകര്യം പരിഗണിച്ചാണ് ഓരോ റീജണുകളിലും രൂപതകളുടെ എണ്ണം നിശ്ചയിക്കപ്പെടുന്നത്.

രൂപത അടിസ്‌ഥാനത്തിൽ അടുത്തവർഷം മുതൽ ബൈബിൾ കലോത്സവം നടത്താനും മതബോധന രംഗത്ത് ഇന്നു നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും യോഗം തീരുമാനിച്ചു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമുള്ള വിവിധ സംഘടനകളുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് അതാതു സംഘടനകളുടെ ചെയർമാന്മാർ തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും രൂപതാധ്യക്ഷൻ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. രൂപതയുടെ ആദ്യ പൊതുസംരഭമായ ദൈവശാസ്ത്ര ക്ലാസുകളെക്കുറിച്ചും ചർച്ച ചെയ്തു. വളരെ ആവേശകരമായ പ്രതികരമാണ് വിവിധ ഭാഗങ്ങളിൽനിന്നും ഉണ്ടായതെന്ന് ചുമതല വഹിക്കുന്ന ഫാ. ജോയി വലയിൽ പറഞ്ഞു. തലശേരി ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്ഡ് സയൻസ് എന്ന സ്‌ഥാപനമാണ് യുകെയിൽ ഈ പഠനാവസരം ഒരുക്കുന്നത്. രണ്ടു യൂണിവേഴ്സിറ്റികളുടെ അംഗീകാരമുള്ള ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദൈവശാസ്ത്ര പണ്ഡിതനായ റവ. ഡോ. ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തിലാണ് ക്ലാസുകൾ.

സമ്മേളനത്തിൽ വികാരി ജനറാളന്മാരായ റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഫാ. സജി മലയിൽ പുത്തൻപുരയ്ക്കൽ, റവ. ഫാ. മാത്യു ചൂരപൊയ്കയിൽ, ഫാ. ഫാൻസ്വ പത്തിൽ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്