ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം: രാജ്യത്തെ വിദേശസമൂഹം ആഹ്ലാദത്തിൽ
Monday, December 5, 2016 7:54 AM IST
വിയന്ന: ഏറെ അഭ്യൂഹങ്ങൾക്കും വിമർശങ്ങൾക്കും വിരാമമിട്ട് ഓസ്ട്രിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടി മുൻ നേതാവ് അലക്സാണ്ടർ വാൻ ദേർ ബെല്ലന്റെ (72) വിജയത്തിൽ രാജ്യത്തെ വിദേശികളും സ്വദേശികളും ആഹ്ലാദം പ്രകടിപ്പിച്ചു. ബെല്ലൻ 53.6 ശതമാനം വോട്ടുകൾ നേടിയപ്പോൾ എതിർ സ്‌ഥാനാർഥിയായ ഹോഫറിന് 46.4 ശതമാനം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തപാൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞിട്ടില്ലെങ്കിലും പുറത്തുവന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഫ്രീഡം പാർട്ടി തോൽവി സമ്മതിച്ചതായി പ്രതിനിധികൾ അറിയിച്ചു. ‘ഇത്തവണ രാജ്യത്തെ പൗരന്മാരുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തി. പരാതികൾ ഒന്നും തന്നെയില്ല’, ഓസ്ട്രിയയുടെ ദേശിയ ചാനലിന് നൽകിയ അഭിമുഖത്തിൽ ഫ്രീഡം പാർട്ടിയുടെ ചെയർമാൻ ഹാൻസ് ക്രിസ്ത്യൻ സ്റ്റാഹെ പറഞ്ഞു.

അമേരിക്കയിൽ ട്രംപിന്റെ വിജയത്തിനുശേഷം ഒരു പക്ഷെ യൂറോപ്പ് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഓസ്ട്രിയയുടേത്. തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടിയിലെ നോബർട്ട് ഹോഫർ വിജയിച്ചാൽ രാജ്യത്ത് പ്രതിസന്ധി ഉണ്ടാകുമെന്നും വിദേശികളായി എത്തി ഓസ്ട്രിയയിൽ ജീവിക്കുന്നവർക്ക് വൻതിരിച്ചടി നേരിടുമെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്‌ഥിതി തന്നെ അപകടത്തിലാകുമെന്നും ഏറെപേർ ഭയപ്പെട്ടിരുന്നു. വിജയിച്ച സ്‌ഥാനാർഥിക്കുവേണ്ടി ദേവാലയങ്ങളിൽ പ്രാർഥനകളും നടന്നു.

തീവ്ര കുടിയേറ്റവിരുദ്ധത തെരഞ്ഞെടുപ്പിൽ മുഖ്യാ ആയുധമായി പ്രയോഗിച്ച ഫ്രീഡം പാർട്ടി ബ്രിട്ടന്റെ ചുവടുപിടിച്ച് ഓസ്ട്രിയയിലും യൂറോപ്യൻ യൂണിയൻ വിടുന്നതിന് ഹിതപരിശോധന (ഓക്സിറ്റ്) വേണമെന്ന് ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് ഓക്സിറ്റിൽ നിന്നും ചുവടുമാറ്റി. അതേസമയം യൂറോപ്യൻ യൂണിയൻ ഏറെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പിനെ നിരീക്ഷിച്ചത്.

കഴിഞ്ഞ മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബെല്ലനായിരുന്നു ജയം. എന്നാൽ, വോട്ടെണ്ണലിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഫ്രീഡം പാർട്ടി നൽകിയ പരാതിയിൽ കോടതി തെരഞ്ഞെടുപ്പു ഫലം റദ്ദാക്കുകയും വീണ്ടും തെരഞ്ഞെടുപ്പിന് ഉത്തരവിടുകയുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഓസ്ട്രിയയിലെ തെരഞ്ഞെടുപ്പ് രംഗം ഇത്രയധികം ചൂടിപിടിച്ചതും ഇത് ആദ്യമാണ്. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം ഡിസംബർ മൂന്നിന് അവസാനിച്ചപ്പോൾ ചെലവായത് 15 മില്യൺ യൂറോയാണ്.

റിപ്പോർട്ട്: ജോബി ആന്റണി