വനിതാ പോലീസ് ഓഫീസറെ ആക്ഷേപിച്ച പ്രതി അറസ്റ്റിൽ
Monday, December 5, 2016 7:58 AM IST
ബ്രൂക്ക്ലിൻ (ന്യൂയോർക്ക്): ഓഫ് ഡ്യൂട്ടിയിലായിരുന്ന മുസ് ലിം വനിതാ പോലീസ് ഓഫീസറേയും മകനേയും പരസ്യമായി ആക്ഷേപിച്ച ആളെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റഫർ നെൽസൻ എന്ന മുപ്പത്താറുകാരനാണ് അറസ്റ്റിലായത്.

ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം ബെ റിഡ്ജിൽ പാർക്ക് ചെയ്ത കാറിൽ ഇരിക്കുന്നതിനിടെ പതിനാറുകാരനായ മകനെ ശല്യം ചെയ്യുന്നതു കണ്ട് പോലീസ് ഓഫീസർ പുറത്തിറിങ്ങി കാര്യം തിരക്കി. ഇതിനിടെ പ്രതി വനിതാ പോലീസ് ഓഫീസറെ ഭീക്ഷണിപ്പെടുത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി നെൽസനെതിരെ രജിസ്റ്റർ ചെയ്ത പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹൈജാബ് ധരിച്ചിരുന്ന വനിതാ പോലീസ് ഓഫീസറെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയൊ പ്രതിഷേധിച്ചു. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ ഡ്യൂട്ടിയിലായിരിക്കുന്ന 900 മുസ് ലിം ഓഫീസർമാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും ഇവരെ യാതൊരു കാരണവശാലും വംശീയമായി അധിക്ഷേപിക്കുവാൻ അനുവദിക്കയില്ലെന്നും മേയർ പറഞ്ഞു. നെൽസനെതിരെ ‘ഹേറ്റ് ക്രൈം’ വകുപ്പ് കൂടി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ