ഹിതപരിശോധന പരാജയം: ഇറ്റാലിയൻ പ്രധാനമന്ത്രി രാജിവച്ചു
Monday, December 5, 2016 10:18 AM IST
റോം: ഇറ്റലിയിൽ ഭരണഘടനാ പരിഷ്കാരം ലക്ഷ്യമിട്ടു നടത്തിയ ജനഹിത പരിശോധനയിൽ ഭൂരിപക്ഷം ജനങ്ങളും എതിർത്ത് വോട്ട് ചെയ്തു. ഇതോടെ പ്രധാനമന്ത്രി മാറ്റിയോ റെൻസി രാജി പ്രഖ്യാപിച്ചു.

സെനറ്റിന്റെ അംഗ സംഖ്യ പരിമിതമാക്കുകയും അംഗങ്ങളെ ജനങ്ങൾ നേരിട്ടു തെരഞ്ഞെടുക്കുന്നതിനു പകരും നാമനിർദേശം ചെയ്യുകയും അതുവഴി ഉപരിസഭയുടെ അധികാരം വെട്ടിക്കുറയ്ക്കുകയുമായിരുന്നു റെൻസിയുടെ ലക്ഷ്യം. പതിറ്റാണ്ടുകളായി ഇറ്റലിയിൽ പതിവുള്ള രാഷ്ര്‌ടീയ അനിശ്ചിതാവസ്‌ഥകൾക്ക് ഇതോടെ പരിഹാരം കാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാൽ, ജനങ്ങൾ ഈ നിർദേശം തള്ളിക്കളയുകയായിരുന്നു. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലൂസ്കോണിയുടെ യാഥാസ്‌ഥിതിക കക്ഷി ഫോഴ്സാ ഇറ്റലിയാ മറ്റു തീവ്രവലതുപക്ഷ കക്ഷികളും ജനപ്രിയ നീക്കങ്ങളുടെ പാർട്ടി ഫൈവ്സ്റ്റാർ മൂവ്മെന്റ്, തീവ്രവലതുപക്ഷമായ നോർതേൺ ലീഗ് തുടങ്ങിയവയാണ് റെൻസിക്കെതിരെ അണിനിരന്നത്.

റെൻസിയുടെ പാർട്ടിക്കാരനായ മുൻ പ്രധാനമന്ത്രി മാസിമോ ഡി അലേയും റഫറണ്ടത്തിന് എതിരായിരുന്നു.

എക്സിറ്റ് പോൾ ഫലങ്ങളിൽ തന്നെ 60 ശതമാനത്തോളം ജനങ്ങൾ നിർദേശത്തെ എതിർക്കുന്നു എന്നു വ്യക്‌തമായിരുന്നു. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ അതു യാഥാർഥ്യവുമായി. ഇതിനു പിന്നാലെ റെൻസി തന്റെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. ഹിതപരിശോധന പരാജയപ്പെട്ടാൽ രാജിവയ്ക്കുമെന്ന് അദ്ദേഹം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. രണ്ടു വർഷവും 287 ദിവസവുമാണ് റെൻസി അധികാരം കൈയ്യാളിയത്.

68 വർഷം പഴക്കമുള്ള ഭരണഘടനാ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നത് ജനാധിപത്യത്തിന് അപകടകരമാകുമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ വാദം. ഹിതപരിശോധന പരാജയപ്പെട്ടതിനെ ജനങ്ങളുടെ വിജയമെന്നാണ് അവർ വിശേഷിപ്പിക്കുന്നത്.

റെൻസിയുടെ രാജിയോടെ രാജ്യത്തു പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നത് ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതാവസ്‌ഥയ്ക്ക് ആക്കം കൂട്ടിയേക്കും. എന്നാൽ ഇടക്കാലത്തേയ്ക്ക് ധനമന്ത്രി പീയർ കാർലോ പാഡോവൻ പ്രധാനമന്ത്രി ആയേക്കുമെന്നും സൂചനയുണ്ട്.

റെൻസിയുടെ പരാജയം യൂറോപ്യൻ യൂണിയന്റെ മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ബ്രെക്സിറ്റ് വിഷയത്തിൽ മെർക്കലിനൊപ്പം ശക്‌തനായി നിന്നയാളാണ് റെൻസി. ഇറ്റലിയാകട്ടെ നിലവിൽ സാമ്പത്തിക പ്രതിന്ധിയിലുമാണ്. യൂറോപ്യൻ യൂണിയനോടു വിഘടിച്ചു നിന്നാൽ ഇറ്റലി സാമ്പത്തിക അരാജകത്വത്തിലേയ്ക്കു നീങ്ങിയേക്കും. അതുതന്നെയുമല്ല വലതു തീവ്രപക്ഷക്കാർ ബ്രക്സിറ്റിനെ അനുകൂലിക്കുമ്പോൾ ഇറ്റലി ഇയുവിൽ നിന്നു വേർപിരിയണം എന്ന വാദത്തിന് ശക്‌തിയാർജിക്കുകയും ചെയ്യും. എന്തായാലും യൂറോപ്യൻ യൂണിയന്റെ ശക്‌തമായ മുന്നേറ്റത്തിൽ നിന്നിരുന്ന ഇറ്റലിയുടെ പ്രത്യേകിച്ച് റെൻസിയുടെ പരാജയം പുതിയ രാഷ്ട്രീയ കാർമേഘങ്ങൾക്ക് വഴിതെളിക്കുകയാണ്.

എന്നാൽ ലോക യുദ്ധാനന്തര കാലഘട്ടത്തിൽ ആദ്യമായി ഒരു യൂറോപ്യൻ രാജ്യം തീവ്ര വലതുപക്ഷ നേതാവിന്റെ ഭരണത്തിനു കീഴിലാവുമെന്ന ആശങ്കയ്ക്ക് തത്കാലം വിരാമമായി. അഭിപ്രായ വോട്ടെടുപ്പു ഫലങ്ങളെല്ലാം അസാധുവാക്കിക്കൊണ്ട് ഓസ്ട്രിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ സ്‌ഥാനാർഥി നോർബർട്ട് ഹോഫർക്ക് പരാജയം നേരിട്ടതും യൂറോപ്യൻ യൂണിയന് ആശ്വാസമായി. ഗ്രീൻ പാർട്ടിയുടെ മുൻ മേധാവി അലക്സാൻഡർ വാൻ ഡെർ ബെല്ലനാണ് ഹോഫറെ പരാജയപ്പെടുത്തിയത്.

ഓസ്ട്രിയൻ ഭരണഘടന അനുസരിച്ച് പ്രസിഡന്റ് സ്‌ഥാനം ഏറെക്കുറെ ആലങ്കാരികം മാത്രമാണ്. എന്നാൽ, യൂറോപ്പിൽ തീവ്ര വലതുപക്ഷത്തിന്റെ സ്വാധീനം എത്രത്തോളമായി എന്നു വിലയിരുത്താനുള്ള ഉരകല്ലായാണ് ഓസ്ട്രിയൻ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടത്.

ഹോഫർ വിജയം സുനിശ്ചിതമെന്ന് എല്ലാ സർവേ റിപ്പോർട്ടുകളും പ്രവചിച്ചിരിക്കെ ഫലം മറിച്ചാണുണ്ടായത്. തീവ്ര കുടിയേറ്റവിരുദ്ധ മനോഭാവം പുലർത്തുന്ന ഹോഫർ ബ്രിട്ടന്റെ ചുവടുപിടിച്ച് ഓസ്ട്രിയയിലും യൂറോപ്യൻ യൂണിയൻ വിടുന്നതിന് ഹിതപരിശോധന (ഒക്സിറ്റ്) വേണമെന്ന് ആവശ്യപ്പെട്ടതും തോൽവിക്ക് കാരണമായി. യൂറോപ്പിൽ പൊതുവേ തീവ്രവലതുപക്ഷം ശക്തിപ്പെടുകയാണെങ്കിലും ഇതുവരെ ഒരു രാജ്യത്തും അധികാരത്തിലെത്താൻ സാധിച്ചിട്ടില്ല.

ഹോഫറുടെ പരാജയം ഉറപ്പായതോടെ, ഇടതുപക്ഷ അനുകൂലികൾ ദൈവത്തിനു നന്ദി പറയുന്ന പ്ലക്കാർഡുകൾ ഉയർത്തിയതും കൗതുകകരമായി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ