ബെൻ കാർസൺ അർബൻ ഡവലപ്മെന്റ് സെക്രട്ടറി
Tuesday, December 6, 2016 7:32 AM IST
വാഷിംഗ്ടൺ: അനിശ്ചിതത്വത്തിന് വിരാമമിട്ട് ബെൻ കാർസൺ ട്രംപിന്റെ ക്യാബിനറ്റിൽ അംഗമാകും. ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിംഗ് ആൻഡ് അർബൻ ഡവലപ്മെന്റ് സെക്രട്ടറിയായി ബെൻ കാർസണെ ട്രംപ് നിയമിച്ചു. നിയമനം അംഗീകരിക്കുന്നതായി ബെൻ കാർസണും അറിയിച്ചു.

ഭരണതലത്തിൽ പരിചയമില്ലാത്തതിനാൽ ക്യാബിനറ്റിലെ ഒരു സ്‌ഥാനവും ഏറ്റെടുക്കുന്നില്ല എന്ന് ബെൻ കാർസൺ നേരത്തെ വ്യക്‌തമാക്കിയിരുന്നതാണ്. ട്രംപിനൊപ്പം റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്‌ഥാനാർഥിയായി രംഗത്തെത്തിയ ബെൻ കാർസണിന് ആഫ്രിക്കൻ അമേരിക്കൻ വംശജരുടെ ശക്‌തമായ പിന്തുണ ലഭിച്ചിരുന്നു. പ്രൈമറിയിൽ നിന്നും പിന്മാറിയ കാർസൺ, ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അണിനിരന്നപ്പോഴും ട്രംപിനെ അനുകൂലിച്ചു പ്രചാരണത്തിന്റെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.

അറുപത്തഞ്ചുകാരനായ കാർസൺ ന്യൂറോ സർജനായി ഉദ്യോഗത്തിൽ നിന്നും വിരമിച്ചാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായത്. ഒബാമയുടെ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയെ അടിമത്തമായാണ് ബെൻ കാർസൺ വിശേഷിപ്പിച്ചത്. അടിമത്ത സമ്പ്രദായം നിർത്തലാക്കിയതിനുശേഷം രാജ്യം കണ്ട ഏറ്റവും മോശമായ ഒന്നാണ് ഒബാമ കെയർ. ഗർഭഛിദ്രത്തിനു വിധേയമാകുന്ന സ്ത്രീകളെ ‘സ്ലേവ് ഓണേഴ്സ്’ എന്നാണ് ബെൻ കാർസൺ വിശേഷിപ്പിച്ചത് ഇത് രാജ്യത്ത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ഉറച്ച ഈശ്വര വിശ്വാസികൂടിയാണ് ബെൻ കാർസൺ.

റിപ്പോർട്ട്: പി.പി. ചെറിയാൻ