വികലാംഗർക്കായുള്ള നിയമത്തിൽ ജർമനി ഭേദഗതി വരുത്തി
Tuesday, December 6, 2016 10:07 AM IST
ബർലിൻ: അംഗവൈകല്യമുള്ളവരുടെ ദീർഘകാല ആവശ്യത്തിനു പരിഹാരം. അവർക്ക് ജീവിതത്തിലും ജോലിയിലും കൂടുതൽ മികച്ച ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന തരത്തിൽ ജർമനി പുതിയ നിയമ ഭേദഗതി വരുത്തി.

7.6 മില്യൺ ആളുകളാണ് ജർമനിയിൽ ശാരീരിക വൈകല്യങ്ങളുമായി ജീവിക്കുന്നത്. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും കിട്ടുന്ന പണം കൂടുതൽ ലാഭിക്കുന്നതിനും സഹായിക്കുന്ന തരത്തിലുള്ള ഭേദഗതികളാണ് പാർലമെന്റ് പാസാക്കിയിരിക്കുന്നത്.

ഭേദഗതി അനുസരിച്ച്, വികലാംഗർക്ക് ആനുകൂല്യം നൽകാൻ കണക്കിലെടുക്കുന്ന ജീവിത പങ്കാളിയുടെ വരുമാന പരിധി 27,600 യൂറോയിൽ നിന്ന് അമ്പതിനായിരം യൂറാ ആക്കിയിരിക്കുകയാണ്. ജീവിത പങ്കാളിക്ക് വരുമാനമുണ്ടെങ്കിൽ ആനുകൂല്യം ലഭിക്കില്ല എന്ന നിബന്ധ വിവാഹം നിരോധിക്കുന്നതിനു തുല്യമാണെന്ന് ആക്ഷേപം നിലനിന്നിരുന്നു.

എന്നാൽ, 2020 മുതൽ മാത്രമേ ഇതു നടപ്പാകൂ. പ്രതിപക്ഷം ആവശ്യപ്പെടുന്നത് ജീവിത പങ്കാളിയുടെ വരുമാനം പരിഗണിക്കാനേ പാടില്ലെന്നാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ