പിസ ടെസ്റ്റിൽ ചൈനയും ഹോങ്കോംഗും ആദ്യ രണ്ടു സ്‌ഥാനങ്ങളിൽ
Wednesday, December 7, 2016 10:12 AM IST
സൂറിച്ച്: സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കുന്ന പിസ ടെസ്റ്റിന്റെ ഫലമനുസരിച്ച് ആദ്യ പത്തിൽ യൂറോപ്പിൽ നിന്നും എസ്റ്റോണിയയും (3), ഫിൻലൻഡും (5) മാത്രം. സിംഗപ്പൂരും ജപ്പാനും ആണ് ആദ്യ രണ്ടു സ്‌ഥാനങ്ങളിൽ. ചൈന, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം കാനഡയും ആദ്യ പത്തിലുണ്ട്.

സ്ലോവേനിയ (13), യുകെ (15), ജർമനി (16), നെതർലൻഡ്സ് (17), സ്വിറ്റ്സർലൻഡ് (18), അയർലൻഡ് (19), ബെൽജിയം (20) എന്നിങ്ങനയെയാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ സ്‌ഥാനക്രമം. മലയാളികൾ ഒട്ടേറെയുള്ള രാജ്യങ്ങളായ ഓസ്ട്രിയ (26), ഇറ്റലി (35) എന്നിവയ്ക്കു മുന്നിൽ അമേരിക്കയുടെ റാങ്ക് 25 ആണ്.

15 വയസുള്ള സ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന ഇന്റർനാഷണൽ സ്റ്റുഡൻറ് അസസ്മെന്റ് പ്രോഗ്രാമിൽ ഇത്തവണ 72 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്. സയൻസ്, കണക്ക്, വായന അഭിരുചികളാണ് ടെസ്റ്റിന് വിധേയമാക്കുന്നത്. മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന വിലയിരുത്തലിൽ ഇന്ത്യ പങ്കെടുക്കാറില്ല. ഈ വർഷം കംപ്യൂട്ടറിലൂടെ ആയിരുന്നു ചോദ്യങ്ങൾ. സ്വിറ്റസർലൻഡിൽ നിന്നും 6600 വിദ്യാർഥികളാണ് പിസ ടെസ്റ്റിൽ പങ്കെടുത്തത്.

കണക്കിൽ യൂറോപ്പിൽ ഏറ്റവും മിടുക്കർ സ്വിറ്റസർലൻഡിലെ (8) വിദ്യാർഥികളാണ്. സയൻസിൽ റാങ്ക് 18 ആണെങ്കിലും വായനയിൽ റാങ്ക് 28 ആയതാണ് അവസാന കണക്കെടുപ്പിൽ സ്വിറ്റ്സർലൻഡ് പുറകോട്ടടിക്കാൻ കാരണമായത്. ബ്രിട്ടന് കണക്കിലെ മോശം നിലവാരമാണ് വിനയായതെങ്കിൽ, ജർമനി വായനയിൽ 12, കണക്ക്, സയൻസ് വിഷയങ്ങളിൽ 16 എന്നിങ്ങനെ റാങ്ക് നേടി സ്‌ഥിരത നിലനിർത്തി.

റിപ്പോർട്ട്: ടിജി മറ്റം