മെർക്കൽ പാർട്ടിയധ്യക്ഷയായി ഒൻപതാം തവണയും തെരഞ്ഞെടുക്കപ്പെട്ടു
Wednesday, December 7, 2016 10:13 AM IST
ബർലിൻ: നോർത്ത്റൈൻ വെസ്റ്റ് ഫാളിയയിലെ എസൻ നഗരത്തിൽ ആരംഭിച്ച ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന്റെ (സിഡിയു) 29–ാം ദേശീയ സമ്മേളനത്തിൽ ചാൻസലർ ആംഗല മെർക്കൽ ഒൻപതാം തവണയും പാർട്ടിയദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മെർക്കൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആയിരത്തോളം പേർ പങ്കെടുത്ത സമ്മേളനത്തിൽ 944 പേരാണ് വോട്ടെടുപ്പിൽ പങ്കുചേർന്നത്. 845 വോട്ടാണ് മെർക്കൽ നേടിയത്. അഞ്ചു വോട്ട് അസാധുവായി. 94 പേർ എതിർത്തു വോട്ടു രേഖപ്പെടുത്തി. അടുത്ത രണ്ടു വർഷത്തേക്കാണ് നിയമനം. 2000 മുതൽ പാർട്ടിയധ്യക്ഷയാണ് മെർക്കൽ. എന്നാൽ കഴിഞ്ഞതവണ (2014) 96.7 ശതമാനം നേടിയിരുന്നെങ്കിൽ ഇത്തവണ 89.5 ശതമാനം വോട്ടു മാത്രമേ നേടാനായുള്ളു. 2012 ൽ 97.9 ശതമാനമായിരുന്നു മെർക്കലിനു ലഭിച്ച പിന്തുണ.

സമ്മേളനത്തിൽ ഒന്നേകാൽ മണിക്കൂർ നേരം മെർക്കൽ പ്രസംഗിച്ചു. തന്റെ മുൻചെയ്തികളെ സ്വയം വിമർശിച്ച അവർ തെറ്റുകൾ ഇനിയുണ്ടാവില്ലെന്നും ഏറ്റുപറഞ്ഞു. അഭയാർഥി നയങ്ങൾ കണക്കിലെടുത്താൽ, പ്രത്യേകിച്ച് 2015 വീണ്ടും ആവർത്തിക്കില്ലെന്ന് അവർ ഉറപ്പു നൽകി. ഇത് പാർട്ടിയെയും അണിയണികളെയും ഏറെ നിരാശപ്പെടുത്തിയത് എന്നെ ഏറെ വേദനിപ്പിച്ചു എന്നുവരെ അവർ തുറന്നടിച്ചത് ഭാവി തെരഞ്ഞെടുപ്പിൽ പാർട്ടിപ്രവർത്തകരെ തന്റെ കുടക്കീഴിലാക്കാനുള്ള തന്ത്രമാക്കാനും മെർക്കലിന് സമ്മേളനത്തിൽ കഴിഞ്ഞുവെന്നതിന്റെ പ്രതിഫലനമായിരുന്നു, മിനിറ്റുകൾ നീണ്ട കരഘോഷത്തോടെയുള്ള പാർട്ടി പ്രവർത്തകരുടെ സ്വീകരണം. വിവിധ പുതിയ പ്രഖ്യാപനങ്ങളും പ്രസംഗത്തിൽ ഉണ്ടായിരുന്നു. എല്ലാംതന്നെ പ്രവർത്തകരുടെ ആവേശത്തെ ഇളക്കുന്നതായിരുന്നു.

ബുർഖ നിരോധനത്തിന് അനുകൂലം: മെർക്കൽ

നിയമപരമായി സാധിക്കുന്നിടത്തെല്ലാം ബുർഖ നിരോധിക്കണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. പാർട്ടി അംഗങ്ങളോടു സംസാരിക്കുമ്പോഴാണ് അവർ നിലപാട് വ്യക്‌തമാക്കിയത്. നിറഞ്ഞ കരഘോഷത്തോടെയാണ് പാർട്ടി അംഗങ്ങൾ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

മുഖം മറച്ച് പൊതുസ്‌ഥലങ്ങളിൽ വരാൻ പാടില്ലെന്നു തന്നെയാണ് നിലപാടെന്നും സിഡിയുവിന്റെ വാർഷിക കോൺഗ്രസിൽ അവർ വ്യക്‌തമാക്കി.

ബുർഖ പൊതുസ്‌ഥലങ്ങളിൽ നിരോധിക്കണമെന്ന് സിഡിയു നേരത്തേ മുതൽ ആവശ്യപ്പെട്ടു വരികയാണെങ്കിലും ഈ വിഷത്തിൽ മെർക്കൽ ഇതുവരെ പരസ്യ നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. ബുർഖയോട് അത്ര നല്ല അഭിപ്രായമല്ലെങ്കിലും നിരോധിക്കണമെന്നു പറയുന്നില്ലെന്നാണ് ഓഗസ്റ്റിൽ അവർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി മീറ്റിംഗിൽ ഒരു തുറന്ന അഭിപ്രായം രേഖപ്പെടുത്തിയതിൽ ജർമൻകാർ ഏറെ സന്തുഷ്ടരാണ്. കാരണം ജർമൻകാർ ബുർഖ നിരോധിക്കണമെന്ന അഭിപ്രായക്കാരാണ്.

വലതുപക്ഷ തീവ്രവാദത്തേയും ഇസ് ലാം വിരുദ്ധരുമായ പെഗിഡ പോലെയുള്ള സംഘടനകളേയും ടിടിഐപി വ്യാപാര കരാറിനെ എതിർത്തവരെയും അവർ കടുത്ത ഭാഷയിൽ വിമർശിച്ചു. അഭയാർഥികളെ ഒന്നടങ്കം വിമർശിക്കരുതെന്നും അവർ അഭ്യർഥിച്ചു.

രണ്ടുദിവസത്തെ സമ്മേളനത്തിന് ഇന്നു തിരശീല വീഴും. അതിനു മുൻപായി മെർക്കിലെന്റ അടുത്ത ചാൻസലർ സ്‌ഥാനാഥിത്വത്തിന് പാർട്ടി ഔദ്യോഗികമായി അംഗീകാരം നൽകും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ