ജീവകാരുണ്യ രംഗത്ത് ഹെൽപിംഗ് ഹാൻഡ്സ് ഓഫ് കേരളയുടെ മുന്നേറ്റം
Thursday, December 8, 2016 2:52 AM IST
ന്യൂയോർക്ക്: ലോംഗ്ഐലന്റ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെൽപിംഗ് ഹാൻഡ്സ് ഓഫ് കേരളയുടെ 21–മതു ഫണ്ട് റൈസിംഗ് ഡിന്നർ ഗ്ലെൻ ഓക്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു വർണോത്സവമായി ആഘോഷിച്ചു.

സേവനത്തിന്റെ പാതയിൽ ഇരുപത്തൊന്ന് വർഷങ്ങൾ പിന്നിടുന്ന ഹെൽപിംഗ് ഹാൻഡ്സ് കൈവരിച്ച നേട്ടങ്ങൾ പ്രസിഡന്റ് ജോസഫ് സി. തോമസ് വിവരിച്ചു. തന്റെ പ്രസംഗത്തിൽ പ്രസിഡന്റ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുകയും, അർഹരായവരെ കണ്ടെത്തി സഹായം എത്തിക്കാൻ സഹകരിച്ച ഇതിന്റെ ട്രഷറർകൂടിയായ ഏബ്രഹാം ജോസഫിനോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.

മുഖ്യാതിഥിയായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ചിന്റെ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ് മോർ നിക്കളാവോസ് തിരുമേനിയെ ചാക്കോ കോയിക്കലേത്ത് സദസിന് പരിചയപ്പെടുത്തി. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ തിരുമേനി ഈ സംഘടന ചെയ്യുന്ന നല്ലകാര്യങ്ങളെ പ്രകീർത്തിക്കുകയും നാട്ടിൽ എന്നതുപോലെ ഇവിടെയും സഹായങ്ങൾ ആവശ്യമുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ലാലി കളപ്പുരയ്ക്കൽ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. മുഖ്യാതിഥിയായ നിക്കളാവോസ് തിരുമേനി നിലവിളക്ക് തെളിയിച്ച് ആഘോഷപരിപാടികൾക്ക് തുടക്കംകുറിച്ചു.

ജനനി ചീഫ് എഡിറ്റർ ജെ. മാത്യൂസ്, ഫോമ ജനറൽ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കൈരളി ടിവി ഡയറക്ടർ ജോസ് കാടാപ്പുറം, പ്രവാസി ചാനൽ ചീഫ് എഡിറ്റർ ജില്ലി സാമുവേൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ജാതി മത ഭേദമെന്യേ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളുടേയും, ദേശീയ സംഘടനകളുടേയും പ്രതിനിധികളും മാധ്യമ പ്രവർത്തകരും സന്നിഹിതരായിരുന്നു.

നിലമ്പൂർ കാർത്തികേയൻ കോർഡിനേറ്റ് ചെയ്ത പല്ലവി സംഗീതാലയ മ്യൂസിക് സ്കൂളിലെ കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ എന്റർടൈൻമെന്റ് പ്രോഗ്രാമിന് തുടക്കംകുറിച്ചു. ന്യൂയോർക്കിലെ നൃത്ത വിദ്യാലയങ്ങളായ നൂപുര ആർട്സ്, പ്രേമകലാലയം സ്കൂളിലെ കുട്ടികൾ മാസ്മരിക പ്രകടനം കാഴ്ചവെച്ചു. അലക്സ് മണലിൽ നേതൃത്വം നൽകുന്ന ശ്രുതിലയ ആർട്സ് ഓഫ് ലോംഗ്ഐലന്റിലെ കുട്ടികളുടെ സമൂഹഗാനങ്ങൾ കാണികൾക്ക് പുതിയൊരു അനുഭവമായിരുന്നു. നോയൽ മണലിൽ അവതരിപ്പിച്ച സാക്സഫോൺ സോളോ, അനുഷ്ക ബാഹുലേയൻ, അലക്സ് മണലിൽ എന്നിവരുടെ ഗാനങ്ങൾ എന്നിവ ഏവരേടുയും പ്രശംസപിടിച്ചുപറ്റി.



കൾച്ചറൽ പ്രോഗ്രാം ഒരു മെഗാഷോ ആകുവാൻ പ്രയത്നിച്ച ലക്ഷ്മി കുറുപ്പ്, ജാർമിള പ്രേമത്യാലൻ, നിലമ്പൂർ കാർത്തികേയൻ എന്നിവരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ലാലി കളപ്പുരയ്ക്കൽ തന്റെ പ്രസംഗത്തിൽ എല്ലാവർഷവും ഒരു ഉപാധിയും ഇല്ലാതെ അമ്പതിൽപ്പരം കുട്ടികളുമായി ഡാൻസ് പ്രോഗ്രാമിനു എത്തിച്ചേരുന്ന ലക്ഷ്മി കുറുപ്പിനെ പ്രത്യേകം അഭിനന്ദിച്ചു. നിരാലംബർക്ക് സഹായം നൽകുമ്പോഴുണ്ടാകുന്ന സംതൃപ്തിയാണ് എല്ലാവർഷവും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്യാനുള്ള പ്രചോദനമെന്നും ഇവിടെയുള്ള വ്യവസായ സ്‌ഥാപനങ്ങളുടേയും ഉദാരമതികളായ വ്യക്‌തികളുടേയും അകമഴിഞ്ഞ സംഭാവനകളാണ് ഈ സംഘടനയ്ക്ക് കരുത്ത് നൽകുന്നതെന്ന് നന്ദിപൂർവ്വം അറിയിച്ചു. സംഘടനയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച എല്ലാ മാധ്യമങ്ങളേയും അതിന്റെ പ്രവർത്തകരേയും നന്ദിപൂർവ്വം അനുസ്മരിച്ചു. ഷെറി ജോർജ് പ്രോഗ്രാമിന്റെ എം.സിയായിരുന്നു.

ജോസ് കുര്യൻ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. എബി ഡേവിഡ്, മാത്തച്ചൻ മഞ്ചേരിൽ, ആന്റണി മാത്യു, ജോസ് വർഗീസ് എന്നിവർ ഫോട്ടോയും വീഡിയോയും കൈകാര്യം ചെയ്തു. ബിനു തോമസ് (കൈരളി ടിവി), സോജി (ഏഷ്യാനെറ്റ്), മഹേഷ് കുമാർ (പ്രവാസി ചാനൽ) എന്നിവരും സന്നിഹിതരായിരുന്നു.

ജയിംസ് തോമസ്, ഏബ്രഹാം ജോസഫ്, മാത്യു സിറിയക്, അഗസ്റ്റിൻ കളപ്പുരയ്ക്കൽ, ആന്റി സി. മാത്യു, സിറിയക് ജോർജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി ഷൈനി മാത്യു എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. നന്ദി പ്രസംഗത്തിൽ സ്പോൺസർമാരേയും, മെഗാ സ്പോൺസറായ ഹാരി മിസ്ട്രി, ഗ്രാന്റ് സ്പോൺസർ കൊട്ടീലിൻ കേറ്റേഴ്സ്, ഈസ്റ്റ് വെസ്റ്റ് ജ്യൂവലേഴ്സ്, ദിലീപ് വർഗീസ് ന്യൂജേഴ്സി എന്നിവർ നന്ദിയോടെ സ്മരിച്ചു. കൊട്ടീലിയൻ കേറ്റേഴ്സിന്റെ വിഭവ സമൃദ്ധമായ ഡിന്നറോടെ പ്രോഗ്രാമിന് തിരശീല വീണു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം