നോട്ടുകൾ അസാധുവാക്കൽ: ഡബ്ല്യുഎംഎഫ് നിവേദനം നൽകി
Thursday, December 8, 2016 8:22 AM IST
വിയന്ന: പ്രവാസികളുടെ പക്കലുള്ള ഇന്ത്യൻ കറൻസി മാറി നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ഇന്ത്യൻ എംബസിയിൽ നിവേദനം നൽകി. ഇതുസംബന്ധിച്ച് 150ഓളം ഓസ്ട്രിയൻ മലയാളികൾ ഒപ്പുവച്ച നിവേദനം ഡബ്ല്യുഎംഎഫ് പ്രതിനിധികൾ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഡോ. സുഹേൽ അജാസ് ഖാന് സമർപ്പിച്ചു.

വിദേശത്ത് ഇന്ത്യൻ കറൻസി കൈവശമുള്ള ഭാരതീയർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരിന്റെയും ആർബിഐയുടെയും നിയന്ത്രണത്തിൽ നടക്കുന്ന കാര്യമായതിനാൽ നിവേദനം ഉടനെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ ഇന്ത്യക്കാർക്ക് തീയതി നീട്ടിനൽകുക, എംബസി വഴിയായി തുക മാറാനുള്ള സംവിധാനം ഒരുക്കുക, അല്ലെങ്കിൽ നാട്ടിൽ എത്തുമ്പോൾ എയർപോർട്ടിൽ തന്നെ കറൻസി മാറ്റിയെടുക്കാനുള്ള താത്കാലിക സംവിധാനം ഒരുക്കുക എന്നിങ്ങനെയുള്ള ചില നിർദ്ദേശങ്ങളും നിവേദനത്തിൽ ചേർത്തിട്ടുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലും അതാത് എംബസികളിൽ നിവേദനം സമർപ്പിക്കാൻ ഡബ്ല്യുഎംഎഫ് ശ്രമങ്ങൾ നടത്തുന്നുണ്ട്.

പ്രിൻസ് പള്ളികുന്നേൽ (ഗ്ലോബൽ കോർഡിനേറ്റർ), വർഗീസ് പഞ്ഞിക്കാരൻ (യൂറോപ്പ് കോർഡിനേറ്റർ), സാബു ചക്കാലയ്ക്കൽ (സെക്രട്ടറി, ഡബ്ല്യുഎംഎഫ് ഓസ്ട്രിയ), തോമസ് കാരയ്ക്കാട്ട് (ചാരിറ്റി കൺവീനർ, ഡബ്ല്യുഎംഎഫ് ഓസ്ട്രിയ), സിറോഷ് ജോർജ് (എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർ, ഡബ്ല്യുഎംഎഫ് ഓസ്ട്രിയ), സെബാസ്റ്റ്യൻ ലെനിസ് (മെംബർ, ഡബ്ല്യുഎംഎഫ് ദുബായ്) എന്നിവരടങ്ങിയ പ്രതിനിധി സംഘമാണ് നിവേദനം സമർപ്പിച്ചത്.

റിപ്പോർട്ട്: ജോബി ആന്റണി