അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ സംരക്ഷിക്കും: ട്രംപ്
Thursday, December 8, 2016 8:27 AM IST
ന്യൂയോർക്ക്: മതിയായ യാത്രാരേഖകളില്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേർന്ന് കുട്ടികളെ സംരക്ഷിക്കുമെന്ന് ഡൊണൾഡ് ട്രംപ്. ഡിസംബർ ഏഴിന് ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്‌തമാക്കിയത്.

കുടിയേറ്റ നിയമത്തിൽ കാതലായ മാറ്റം ആവശ്യമാണെന്നും ചെറുപ്രായത്തിൽ അമേരിക്കയിലെത്തിയ കുട്ടികൾ ഇവിടെ സ്കൂൾ വിദ്യാഭ്യാസം നടത്തുകയും സ്തുത്യർഹ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുന്നതു സന്തോഷകരമാണെന്ന് ട്രംപ് പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം ഇവിടെയെത്തിയ കുട്ടികൾ നിരപരാധികളാണെന്നും അവരെ സംരക്ഷിക്കുകയും ഭാവി ശോഭനമാക്കുകയും ചെയ്യേണ്ടതു ഭരണാധികാരി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

പതിനൊന്ന് മില്യൺ അനധികൃത കുടിയേറ്റക്കാരെ ഡിപോർട്ട് ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ മുൻ തീരുമാനത്തിൽ നിന്നും മലക്കംമറിഞ്ഞിരിക്കുകയാണ്. എന്തായാലും ട്രംപിന്റെ നയം മാറ്റം അനധികൃത കുടിയേറ്റക്കാർക്കും കുടുംബാംഗങ്ങൾക്കും പ്രതീക്ഷകൾ നൽകുന്നതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് അനധികൃത കുടിയേറ്റക്കാരുടെ ഭാവിയെ കുറിച്ചും ഹില്ലരിക്കെതിരെ സ്വീകരിക്കുവാൻ പോകുന്ന നടപടികളെ കുറിച്ചും പുനർചിന്തനം നടത്തുന്നത് ട്രംപിന് അമേരിക്കൻ പ്രസിഡന്റ് എന്ന പദവിക്കു കൂടുതൽ മാറ്റം നൽകുന്നതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ