അഭയാർഥി പ്രവാഹം: കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായിട്ടില്ലെന്നു മെർക്കൽ
Thursday, December 8, 2016 10:13 AM IST
ബർലിൻ: ജർമനിയിലേക്ക് കഴിഞ്ഞ വർഷമുണ്ടായ റിക്കാർഡ് അഭയാർഥി പ്രവാഹം രാജ്യത്ത് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമായെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് ചാൻസലർ ആംഗല മെർക്കൽ. വസ്തുതകളിൽ മാത്രമേ വിശ്വസിക്കാവൂ എന്നും അവർ ജർമൻ ജനതയോട് ആഹ്വാനം ചെയ്തു.

അഫ്ഗാനിൽനിന്നുള്ള കൗമാരക്കാരൻ ജർമൻ മെഡിക്കൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു കൊന്നതും ഇറാക്കി യുവാവ് രണ്ടു ചൈനീസ് വിദ്യാർഥിനികളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടവയാണെന്ന് അവർ ടിവി അഭിമുഖത്തിൽ പറഞ്ഞു.

കേസുകളിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. ജർമനിയിലെ നീതിന്യായ വ്യവസ്‌ഥയിൽ ഉറച്ച വിശ്വാസമാണുള്ളത്. അഭയാർഥികളെ പൊതുവിൽ സംശയിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും മെർക്കൽ.

അഭയാർഥികൾക്കിടയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് സൂക്ഷ്മമായി പരിശോധിച്ചു. അവരുടെ വരവിന് ആനുപാതികമായ ഉയരത്തിലല്ല നിരക്കുകൾ നിൽക്കുന്നത്. അവരുടെ മറവിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ ശ്രമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ചാൻസലർ വ്യക്‌തമാക്കി. രണ്ടുദിവസമായി എസനിൽ നടന്ന സിഡിയു പാർട്ടിയുടെ വാർഷിക പൊതുയോഗത്തിന്റെ സമാപനത്തിൽ മെർക്കൽ നടത്തിയ പ്രസംഗത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്നാൽ പോലീസിന്റെ ക്രൈം ഡിപ്പാർമെന്റിന്റെ കണക്കിൽ സ്‌ഥിതി തികച്ചും മറിച്ചാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ