റസിഡന്റ് പെർമിറ്റുകൾക്കു സ്വിസിൽ കർശന നിയന്ത്രണം
Thursday, December 8, 2016 10:14 AM IST
സൂറിച്ച്: സ്വിസ് പെർമനന്റ് റസിഡന്റ്ഷിപ്പിനു കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നിയമ പരിഷ്കരണത്തിന് 46 അംഗ സ്റ്റേറ്റ് കൗൺസിൽ അനുമതി നൽകി. കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകരിച്ചതോടെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന മുറയ്ക്ക് നിയമമാകും.

പെർമനന്റ് റസിഡന്റ്ഷിപ്പായ ‘സി’ ക്കാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. അപേക്ഷകന്റെ മാതൃരാജ്യത്തെ അടിസ്‌ഥാനമാക്കി അഞ്ചോ പത്തോ വർഷം സ്വിസിൽ പൂർത്തിയാക്കിയാൽ പെർമനന്റ് റസിഡന്റ്ഷിപ്പിനു അർഹമാകുന്ന നിലവിലെ സാഹചര്യത്തിനാണ് ഇതോടെ മറ്റം വരുന്നത്.

ഭാഷ സ്വാധീനം, സ്വിസ് സമൂഹവുമായി ഇടകലരുന്നത്, നിയമങ്ങൾ പാലിക്കുക, ശിക്ഷിക്കപെടാതിരിക്കുക, തൊഴിൽരഹിതർ, പബ്ലിക് ഫണ്ടുകളുടെ ആനുകൂല്യം പറ്റുന്നത്, വിദ്യാഭ്യാസ, തൊഴിൽ യോഗ്യതകൾ തുടങ്ങി നിരവധി പോയിന്റുകളുടെ അടിസ്‌ഥാനത്തിലാകും ഇനിമുതൽ ‘ബി’ പെർമിറ്റ് ‘സി’ ആയി മാറുന്നത്. ‘സി’ പെർമിറ്റ് ഒരിക്കൽ ലഭിച്ചാലും അതിലെ വ്യവസ്‌ഥകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ തിരിച്ചു ‘ബി’ പെർമിറ്റിലേക്കു തരംതാഴ്ത്താനും പുതിയ നിയമത്തിൽ വ്യവസ്‌ഥയുണ്ട്.

റിപ്പോർട്ട്: ടിജി മറ്റം