ജർമനിയിലെ വിദേശി കുട്ടികൾക്ക് ഇരട്ട പൗരത്വം അനുവദിക്കരുത്: സിഡിയു
Thursday, December 8, 2016 10:15 AM IST
ബർലിൻ: ജർമനിയിൽ കുടിയേറ്റക്കായ ദമ്പതികൾക്ക് ജനിക്കുന്ന കുട്ടികൾക്ക് ഇരട്ട പൗരത്വം കിട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ പ്രമേയം പാസാക്കി.

ഈ കുട്ടികൾക്ക് ഏതെങ്കിലും ഒരു രാജ്യത്തിന്റെ പൗരത്വം തെരഞ്ഞെടുക്കാൻ അനുമതി നൽകണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. വിശാല മുന്നണി സർക്കാരിൽ പങ്കാളികളായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുമായി 2014 ൽ എത്തിച്ചേർന്ന ധാരണയ്ക്കു വിരുദ്ധമാണ് ഈ ആവശ്യം.

സിഡിയുവിന്റെ ഈ ആവശ്യം 2017 ലെ തെരഞ്ഞെടുപ്പിനു ശേഷം നിയമം ആക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. എസ്പിഡിയാവട്ടെ പ്രമേയത്തെ ശക്‌തമായി അപലപിച്ചു. എന്നാൽ വിശാല മുന്നണിയിലെ ഇപ്പോഴത്തെ കക്ഷിയായ എസ്പിഡിയുമായി ഒരു ഒത്തു തീർപ്പുണ്ടാക്കണമെന്നും സിഡിയു പറയുന്നു.

ജർമനിയിൽ എട്ടു വർഷം ജീവിച്ചു എന്നോ, ജർമൻ സ്കൂളിൽ ആറു വർഷം പഠിച്ചെന്നോ തെളിയിക്കുന്നവർക്ക് ഇരട്ട പൗരത്വം അനുവദിക്കാമെന്നതായിരുന്നു സിഡിയുവും എസ്പിഡിയും തമ്മിലുള്ള ധാരണ.

23 വയസ് വരെ, ചില രാജ്യങ്ങളിൽനിന്നുള്ളവരുടെ കുട്ടികൾക്കു മാത്രം ഇരട്ട പൗരത്വം അനുവദിക്കുന്നതായിരുന്നു ജർമനിയിലെ നിയമം. 23 വയസിനു ശേഷം ഏതെങ്കിലുമൊരു പൗരത്വം ഉപേക്ഷിക്കണമെന്നായിരുന്നു നിബന്ധന. ഇരട്ടപൗരത്വ പ്രശ്നം തുർക്കി കുട്ടികളെയാണ് ഏറെ ബാധിക്കുക. 1960 ലെ ഗസ്റ്റ് വർക്ക് പ്രോഗ്രാം അടിസ്‌ഥാനത്തിലാണ് തുർക്കികൾ ജർമനിയിലേയ്ക്കു കുടിയേറുന്നത്. ഇപ്പോഴാവട്ടെ ഈ ലേബലിൽ യൂറോ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരും ജർമനിയിലേയ്ക്കു കുടിയേറുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും സ്വിറ്റ്സർലൻഡിനും പ്രത്യേക ഇളവുകൾ വേണമെന്ന ആവശ്യം മറ്റു രാജ്യങ്ങൾക്ക് നൽകുന്നില്ല. വർഷം തോറും ഏതാണ്ട് 40,000 യുവാക്കളാണ് ഇത്തരത്തിൽ ജർമൻ പൗരത്വത്തിനായി സർക്കാരിൽ അപേക്ഷ നൽകുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ