എത്തിയാസ് സ്വിറ്റ്സർലൻഡിലും; അതിർത്തികളിൽ വാഹന പരിശോധന ശക്‌തമാക്കും
Thursday, December 8, 2016 10:17 AM IST
സൂറിച്ച്: തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്വിറ്റ്സർലൻഡ് യൂറോപ്യൻ യൂണിയന്റെ നിർദ്ദേശാനുസരണം അമേരിക്കൻ മാതൃകയിലുള്ള എസ്ടായ്ക്കു (ESTA) തുല്യമായ യൂറോപ്യൻ യൂണിയൻ ട്രാവൽ ഇൻഫർമേഷൻ ഓതറൈസേഷൻ സിസ്റ്റം എത്തിയാസിന്റെ (ETIAS) പരിധിയിൽ വരുന്നു. ഇതിന്റെ ഭാഗമായി അതിർത്തികളിൽ കർശന വാഹന പരിശോധനയും ആരംഭിക്കും.

യൂറോപ്യൻ യൂണിയൻ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഇതിനു തീരുമാനമായത്. ഈ നിയമം വളരെ സുതാര്യവും വേഗത്തിലുള്ളതും ചെലവ് കുറഞ്ഞതുമായ മാർഗമാണെന്നാണ് പുതിയ നിയമം അവതരിപ്പിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ കമ്മീഷൻ വെളിപ്പെടുത്തിയത്. യൂണിയൻ അംഗങ്ങൾ എത്തിയാസിനെ സന്തോഷ പൂർവമാണ് സ്വാഗതം ചെയ്തത്. സ്വിറ്റ്സർലൻഡും യൂറോപ്പിന്റെ സുരക്ഷിതത്വത്തിന് തങ്ങളുടെ പിന്തുണ വ്യക്‌തമാക്കി. ബില്ലിന് യോഗത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് യൂറോപ്യൻ യൂണിയൻ ആ ഭ്യന്തര കമ്മീഷണർ ദിമിത്രിസ് അവറാമേപനലോസ് വ്യക്‌തമാക്കി.

പുതുതായി നടപ്പിൽ വരുന്ന എത്തിയാസ് 2009 ൽ അമേരിക്കയിൽ നിലവിൽ വന്ന ESTA (Eletcronic System for Travel Authorization) പോലെയായിരിക്കും. യൂറോപ്പിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന വീസ ആവശ്യമില്ലാത്ത മൂന്നാം രാജ്യങ്ങളിലെ പൗരന്മാർ ഓൺലൈനിൽ ഈ അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകണം. അപേക്ഷയിൽ തിരിച്ചറിയൽ രേഖ, യാത്രാ രേഖ, താമസസ്‌ഥലം, ബന്ധപ്പെടേണ്ട വിലാസം, ആരോഗ്യ വിവരം, സ്കൂൾ വിദ്യാഭ്യാസം എന്നിവ വ്യക്‌തമായി രേഖപ്പെടുത്തിയിരിക്കണം. ഇതനുസരിച്ച് ബന്ധപ്പെട്ട വ്യക്‌തി അനധികൃത കുടിയേറ്റക്കാരനാണോ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്‌തിയാണോ എന്നു തിരിച്ചറിയാൻ സാധിക്കുമെന്ന് കമ്മീഷൻ വ്യക്‌തമാക്കി.

യൂറോപ്യൻ യൂണിയനിൽ 2020 മുതലാണ് നിയമം നടപ്പിൽവരിക. ഷ്വങ്ഗൺ ഉടമ്പടിയിൽ അംഗമായതിനാൽ സ്വിറ്റ്സർലൻഡിലും ഇത് പ്രാബല്യത്തിൽ വരും. അതേസമയം ഓസ്ട്രിയൻ ആഭ്യന്തര മന്ത്രി വോൾഫ ഗാംഗ് സോബോട്ട്ക 2020 വരെ കാത്തിരിക്കാനാവില്ലെന്നും എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു. സ്ലൊവാക്യൻ ആഭ്യന്തര മന്ത്രി റോബർട്ട് കലിനാക്കും 2017 മുതൽ നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു

റിപ്പോർട്ട്: ഷിജി ചീരംവേലിൽ