സ്വിസ് മെഡിക്കൽ ഇൻഷ്വറൻസ്: രോഗികളുടെ വിഹിത പരിധി ഉയർത്തി
Friday, December 9, 2016 6:49 AM IST
സൂറിച്ച്: മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതിന് സ്വിറ്റസർലൻഡിൽ ഇനി കൂടുതൽ തുക കയ്യിൽ നിന്നും ഇറക്കേണ്ടി വരും. പേഷ്യന്റ് കോൺട്രിബ്യൂഷന്റെ മിനിമം പരിധി 300 ഫ്രാങ്കിൽ നിന്നും ഉയർത്താൻ പാർലമെന്റ് അനുമതി നൽകി. 54 നെതിരെ 129 വോട്ടിനാണ് പാർലമെന്റിൽ ബിൽ പാസാക്കിയത്.

സ്വിറ്റസർലൻഡിൽ മെഡിക്കൽ ഇൻഷ്വറൻസ് സ്വകാര്യവത്കൃതവും നിയമപരമായി ഓരോ പൗരനും നിർബന്ധിതവുമാണ്. പോളിസി എടുക്കുമ്പോൾ മുതിർന്നവർക്ക് 300 ഫ്രാങ്കാണ് രോഗികളുടെ കുറഞ്ഞ വിഹിത പരിധി. മുന്നൂറ് ഫ്രാങ്ക് വരെയുള്ള ചികിത്സക്കും മരുന്നിനും രോഗികൾ കൈയിൽ നിന്നും ഇടണം. അതിനു മുകളിൽ വരുന്ന ചെലവിന് 10 ശതമാനം കിഴിച്ച് ബാക്കി തുക ഇൻഷ്വറൻസ് കമ്പനികളും നൽകും.

ചെലവ് 300 ഫ്രാങ്ക് കഴിയുന്നതോടെ, നിസാര കാര്യങ്ങൾക്കുപോലും അനാവശ്യമായി ഡോക്ടറെ കാണുന്നതും പരിശോധനകൾ നടത്തുന്നതും ഒഴിവാക്കുകയാണ് പരിധി ഉയർത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. മിനിമം മെഡിക്കൽ ഇൻഷ്വറൻസ് മതിയെന്നുള്ളവർക്ക് നിലവിൽ 2500 ഫ്രാങ്കാണ് ഏറ്റവും ഉയർന്ന പേഷ്യന്റ് കോൺട്രിബ്യൂഷൻ പരിധി. ഇവരിൽ നിന്നും കുറഞ്ഞ പ്രീമിയം ആണ് ഇൻഷ്വറൻസ് കമ്പനികൾ ഈടാക്കുന്നതും.

റിപ്പോർട്ട്: ടിജി മറ്റം