ഉഗാണ്ടയിൽ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി
Tuesday, December 27, 2016 6:57 AM IST
കംപാല: ഉഗാണ്ടയിൽ പ്രാദേശിക ഫുട്ബോൾ ടീമും ആരാധകരും സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ഉഗാണ്ടയിലെ ആൽബർട്ട് തടാകത്തിലായിരുന്നു സംഭവം. ഒമ്പതു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. 21 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 15 പേരെ രക്ഷപെടുത്തി. ബോട്ടിൽ 45 പേരാണുണ്ടായിരുന്നത്.

ചെറിയ ബോട്ടിൽ പരിധിയിൽ കവിഞ്ഞ് ആളുകയറിയതാണ് അപകടത്തിനു കാരണമായത്. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരിൽ അധികവും മദ്യ ലഹരിയിലായിരുന്നതും അപകടത്തിനു കാരണമായി. ബുലുസിയ ജില്ലയിൽനിന്നുള്ള ഫുട്ബോൾ ടീം ഹോയിമ ജില്ലയിൽ മത്സരത്തിനായി പോകുകയായിരുന്നു.