കർണാടക ആർടിസി ബയോഡീസൽ ബസുകൾ നിരത്തിലിറങ്ങി
Wednesday, December 28, 2016 8:43 AM IST
ബംഗളൂരു: കർണാടക ആർടിസിയുടെ സമ്പൂർണ ബയോഡീസലിൽ ഓടുന്ന 25 ബസുകൾ നിരത്തുകളിലെത്തി. കേരളത്തിലേക്കുള്ള ബസുകളും മറ്റു ദീർഘദൂര സർവീസുകളും ഇതിൽപ്പെടുന്നു. നൂറു ശതമാനം ബയോഡീസലിൽ ഓടുന്ന ബസുകൾ സർവീസ് നടത്തി പരീക്ഷിച്ചു വിജയിച്ചതിനെത്തുടർന്നാണ് കൂടുതൽ ബയോഡീസൽ ബസുകൾ നിരത്തിലിറക്കാൻ കർണാടക ആർടിസി തീരുമാനിച്ചത്.

ബംഗളൂരുവിൽ നിന്ന് എറണാകുളം, ബിദാർ, കുന്ദാപുര, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് എസി മൾട്ടി ആക്സിൽ ബയോഡീസൽ ബസുകൾ സർവീസ് നടത്തുന്നത്. നൂറു ശതമാനം ജൈവ ഇന്ധനത്തിലോടിക്കുന്ന രാജ്യത്തെ ആദ്യ സർക്കാർ ബസുകളായിരിക്കും കർണാടക ആർടിസിയുടേത്. കഴിഞ്ഞ ജൂലൈയിൽ ബംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കാണ് പരീക്ഷണാടിസ്‌ഥാനത്തിൽ ബയോഡീസൽ ബസുകൾ സർവീസ് നടത്തിയത്. പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ അന്തരീക്ഷ മലിനീകരണം കുറവാണെന്നും എൻജിന്റെ പ്രവർത്തനവും ഇന്ധനക്ഷമതയും മികച്ചതാണെന്നും കണ്ടെത്തിയതോടെയാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ കർണാടക ആർടിസി തീരുമാനിച്ചത്.

80 ശതമാനം പെട്രോൾ, ഡീസൽ ഇന്ധനവും 20 ശതമാനം ജൈവ ഇന്ധനവും ഉപയോഗിച്ചാണ് കർണാടക ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നത്. ഭാവിയിൽ എല്ലാ കെഎസ്ആർടിസി ബസുകളും ബയോഡീസലിലേക്കു മാറുകയാണ് ലക്ഷ്യമിടുന്നത്. പൂർണമായും ബയോഡീസലിലേക്കു മാറിയാൽ ഡീസൽ ഇനത്തിൽ മാത്രം 60 കോടിയിലേറെ രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പൂർണമായും ജൈവ ഇന്ധനത്തിലേക്കു മാറുമ്പോൾ ബസുകളുടെ എൻജിനുകളും നവീകരിക്കേണ്ടി വരും.

ഇതിനായി ബസ് ഒന്നിന് അഞ്ചു ലക്ഷം രൂപ വീതം അധികമായി വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.