കനത്ത സുരക്ഷയിൽ പുതുവർഷപ്പിറവി
Monday, January 2, 2017 8:07 AM IST
ബംഗളൂരു: വർണവിളക്കുകൾ തെളിച്ച് ഉദ്യാനനഗരി പുതുവർഷത്തെ വരവേറ്റു. ആഘോഷങ്ങളുടെ ഭാഗമായി നഗരവീഥികളെല്ലാം ദീപാലംകൃതമായി. വിവിധ സംഘടനകളുടെയും സ്‌ഥാപനങ്ങളുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നഗരത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ദിവ്യബലിയും വർഷാവസാന, വർഷാരംഭ പ്രാർഥനകളും മറ്റു ചടങ്ങുകളും നടന്നു.

പഴുതടച്ച സുരക്ഷയിലാണ് നഗരം പുതുവത്സരത്തിലേക്കു പ്രവേശിച്ചത്. ആഘോഷപരിപാടികളുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മിക്കയിടത്തും പോലീസ് കനത്ത സുരക്ഷ ഏർപ്പാടാക്കിയിരുന്നു. നഗരത്തിന്റെ മുക്കും മൂലയും സിസിടിവി നിരീക്ഷണത്തിലാക്കി. എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, സെന്റ് മാർക്സ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ പാർക്കിംഗിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബിഎംടിസിയും മെട്രോയും പുലർച്ചെ രണ്ടു വരെ സർവീസ് ദീർഘിപ്പിച്ചു. രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസ് പ്രത്യേക പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താത്കാലിക ചെക്പോസ്റ്റുകൾ സ്‌ഥാപിച്ചായിരുന്നു പരിശോധന. പ്രധാന ഫ്ളൈഓവറുകളിലും റിംഗ് റോഡുകളിലും എയർപോർട്ട് റോഡിലും ട്രാഫിക് പോലീസിനെ കൂടുതലായി നിയമിച്ചിരുന്നു.

നഗരത്തിലെ ബാറുകൾക്കും പബുകൾക്കും പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കാൻ അനുമതി നല്കിയിരുന്നു. സമയം നീട്ടിയ സാഹചര്യത്തിൽ സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബാറുടമകൾക്ക് പോലീസ് നിർദേശം നല്കി. നഗരത്തിൽ 1,300 ഓളം ബാറുകളും പബുകളുമാണ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചത്. ബാറുകളിലും പബുകളിലും ഡിജെ പാർട്ടി നടത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതുവർഷ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളോട് ഉപഭോക്‌താക്കളെ വീട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് പോലീസ് നിർദേശം നല്കിയിരുന്നു.