കർണാടക ആർടിസിക്ക് ദേശീയ പുരസ്കാരം
Monday, January 2, 2017 8:10 AM IST
ബംഗളൂരു: ദേശീയ ഇ–ഗവേണൻസ് സ്വർണമെഡൽ കർണാടക ആർടിസിക്ക്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാനത്തെ പൊതുഗതാഗത സംവിധാനത്തിന് ഇ–ഗവേണൻസ് പുരസ്കാരം ലഭിക്കുന്നത്. കർണാടക ആർടിസി നടപ്പിലാക്കിയ ഇന്റലിജൻസ് ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതിയാണ് പുരസ്കാരത്തിന് അർഹമാക്കിയത്. നേരത്തെ, 2009–2010 വർഷത്തിൽ കർണാടക ആർടിസിക്ക് ഇ–ഗവേണൻസ് സിൽവർ മെഡൽ ലഭിച്ചിരുന്നു. ഓൺലൈൻ റിസർവേഷൻ സംവിധാനമായ അവതാറിന്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അന്ന് അവാർഡ് നല്കിയത്.

ഇ– ഗവേണൻസ് സംവിധാനം മികച്ച രീതിയിൽ നടപ്പാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരും ഭരണപരിഷ്കരണ, പൊതുപരാതി വകുപ്പും ചേർന്ന് 12 വിഭാഗങ്ങളിൽ നൽകുന്നതാണ് ഇ–ഗവേണൻസ് അവാർഡ്. ഇത്തവണ അവാർഡിനായി 485 നാമനിർദേശങ്ങളാണ് ലഭിച്ചിരുന്നത്. ഇതിൽ ജൂറിക്കു മുന്നിലെത്തിയ 42 പദ്ധതികളിൽ നിന്നാണ് കർണാടക ആർടിസിയെ തെരഞ്ഞെടുത്തത്.