പ്രതിസന്ധിയുടെ ട്രാക്കിൽ സബർബൻ പദ്ധതി
Wednesday, January 4, 2017 5:53 AM IST
ബംഗളൂരു: ഏറെ പ്രതീക്ഷിച്ചിരുന്ന സബർബൻ റെയിൽ പദ്ധതിക്ക് തിരിച്ചടി. പദ്ധതിയുടെ ചെലവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്തതാണ് പദ്ധതി മുടങ്ങാൻ കാരണം. മൊത്തം ചെലവിന്റെ 60 ശതമാനം സംസ്‌ഥാനം തന്നെ വഹിക്കണമെന്ന് റെയിൽവേ നിർദേശിച്ചിരുന്നു. 20 ശതമാനം കേന്ദ്ര സർക്കാരും ബാക്കി 20 ശതമാനം റെയിൽവേയും വഹിക്കുമെന്നാണ് അറിയിച്ചത്. ഇതാണ് തർക്കങ്ങൾക്കു വഴിവച്ചത്. 50:50 അനുപാതത്തിൽ പദ്ധതി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ചെന്നൈ, മുംബൈ മാതൃകയിൽ സബർബൻ റെയിൽപാതകളും സ്റ്റേഷനുകളും നിർമിക്കാനാണ് റെയിൽവേയുടെ പദ്ധതി. ബംഗളൂരു നഗരത്തിൽ നിന്ന് തുമകുരു, നെലമംഗല, രാമനഗര, ഹോസ്കോട്ടെ, ബംഗാരപേട്ട്, ചിക്കബല്ലാപ്പുർ, ദൊഡ്ഡബല്ലാപ്പുർ എന്നിവിടങ്ങളിലേക്ക് 400 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കേണ്ടത്. എന്നാൽ പദ്ധതി പൂർത്തിയാകാൻ ആറു മുതൽ പത്തു വരെ വർഷം വേണ്ടിവരുമെന്നാണ് സംസ്‌ഥാന സർക്കാരിന്റെ കണക്കുകൂട്ടൽ.