നോർക്ക് റൂട്സ് മാതൃകയിൽ എല്ലാ സംസ്‌ഥാനങ്ങളും പ്രത്യേക വകുപ്പ് രൂപീകരിക്കണം
Monday, January 9, 2017 8:29 AM IST
ബംഗളൂരു: കേരളത്തിലെ നോർക്ക റൂട്ട്സ് മാതൃകയിൽ എല്ലാ സംസ്‌ഥാനങ്ങളും പ്രവാസികൾക്കായി പ്രത്യേക വകുപ്പ് ആരംഭിക്കണമെന്ന് പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നിർദേശിച്ചു. ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള എല്ലാ രാജ്യങ്ങളുമായും തൊഴിൽ കരാറുകൾ ഒപ്പിടണമെന്നും പ്രവാസി സമ്മേളനത്തിൽ ആവശ്യം ഉയർന്നു.

ഗൾഫിലെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെയും കൊണ്ടു വരണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലടക്കം ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 17 രാജ്യങ്ങളുമായും തൊഴിൽ കരാർ ഒപ്പിടുമെന്നു രാവിലെ നടന്ന സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗ് സൂചിപ്പിച്ചു. ഇതിനായുള്ള ശ്രമങ്ങളും ചർച്ചകളും വൈകാതെ നടക്കും.

ഗാർഹിക തൊഴിലാളികൾക്കു ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ പരിരക്ഷ ലഭിക്കുന്നില്ലെന്നു കേന്ദ്രസർക്കാർ സമ്മതിച്ചു. കുവൈത്തിലാണ് ഇതേറ്റവും ഗുരുതരമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മൃദുൽകുമാർ വ്യക്‌തമാക്കി. യുഎഇയിൽ ടൂറിസ്റ്റ് വീസയിൽ എത്തുന്നവരെ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കു ഗാർഹിക തൊഴിലാളികളായി കൊണ്ടുപോകുന്നു. ഗൾഫിലെ വിവിധ സർക്കാരുകളുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടുവരികയാണെന്നും മൃദുൽ കുമാർ വ്യക്‌തമാക്കി.

സൗദി അറേബ്യയിലെ മാതൃകയിൽ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ഗാർഹിക തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തു തടയുന്നതിനു ഗൾഫ് രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റവും വ്യാജ റിക്രൂട്ട്്മെന്റ് ഏജൻസികളെ തടയുന്നതിനും നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ബംഗുളുരുവിൽ ഇന്നലെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ രാഷ്ര്‌ടപതി പ്രണാബ് മുഖർജി ഒരു മലയാളിയടക്കം 30 പേർക്കു പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കൾക്കു അവാർഡുകൾ സമ്മാനിച്ചു. ഇതോടെ മൂന്നു ദിവസത്തെ സമ്മേളനത്തിന് സമാപനമായി. അമേരിക്കയിൽ നിന്നു ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, വ്യവസായ പ്രമുഖൻ വർക്കി ഏബ്രഹാം എന്നിവരടക്കം 71 പ്രതിനിധികൾ പങ്കെടുത്തു.

റിപ്പോർട്ട്: ജോർജ് കള്ളിവയൽ