പ്രതീകാത്മക ശിവഗിരി തീർഥാടനം സമാപിച്ചു
Tuesday, January 10, 2017 7:34 AM IST
ന്യൂഡൽഹി: നഗരം പീത സാഗരമാക്കി എട്ടാമത് പ്രതീകാത്മക ശിവഗിരി തീർഥാടനം സമാപിച്ചു. എസ്എൻഡിപി. ഡൽഹി യൂണിയന്റേയും കാൽകാജി ശാഖയുടെയും ആഭിമുഖ്യത്തിലായിരുന്നു തീർഥാടനം.

ജനുവരി എട്ടിന് രാവിലെ അഞ്ചിന് ഗോവിന്ദ് പുരിയിലെ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം ഗുരുപൂജ നടത്തി. തീർഥാടന പതാക ഉയർത്തൽ ഡൽഹി യൂണിയൻ സെക്രട്ടറി കല്ലറ മനോജ് നിർവഹിച്ചു. കാൽകാജി അളകനന്ദ ശ്രീ ബാലവേണുഗോപാല ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഭക്‌തി നിർഭരമായ തീർഥാടന ഘോഷയാത്രയിൽ ദൈവദശകം ആലപിച്ച് ഗോവിന്ദ് പുരിയിലെ ഗുരുദേവഷേത്രത്തിൽ എത്തിച്ചേർന്നു.

തുടർന്നു നടന്ന മഹാ സമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.പി. മണിയപ്പൻ ഉദ്ഘാടനം ചെയ്തു. ഡിഡിഎ ലാൻഡ് ഡിസ്പോസൽ കമ്മീഷണർ സുബു ആർ. മുഖ്യാതിഥി ആയിരുന്നു. സ്വാമി ബ്രഹ്മാനന്ദ തീർഥ അനുഗ്രഹ പ്രഭാഷണം നടത്തി. കാൽക്കാജി ശാഖാ പ്രസിഡന്റ് സി.ഡി. സുനിൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സി.എസ്. ജയൻ, കാൽക്കാജി ശാഖാ വൈസ് പ്രസിഡന്റ് ഡി. വേണു, മാതൃഭൂമിയുടെ എൻ. അശോകൻ, ശ്രീ നാരായണ കേന്ദ്രയുടെ എ.കെ. ഭാസ്കരൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ. അനിൽ കുമാർ, പുലയ വെൽഫെയർ സൊസൈറ്റി സെക്രട്ടറി പി. വിജയൻ, ശ്രീനാരായണ മിഷനുവേണ്ടി പ്രസന്നൻ പിള്ള, വനിതാ സംഘം പ്രസിഡന്റ് ഓമന മധു, സെക്രട്ടറി സുമതി ചെല്ലപ്പൻ, മുൻ യൂണിയൻ പ്രസിഡന്റ് ടി.കെ.കുട്ടപ്പൻ, മുൻ യൂണിയൻ വൈസ് പ്രസിഡന്റ് ഇ.കെ. വാസുദേവൻ, മുൻ യൂണിയൻ സെക്രട്ടറി സി.കെ. പ്രിൻസ്, കാൽക്കാജി ശാഖാ വനിതാ സംഘം പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി