മത്തിക്കരെ ദേവാലയത്തിൽ തിരുനാൾ
Wednesday, January 11, 2017 8:21 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ജനുവരി 13ന് കൊടിയേറും. വൈകുന്നേരം 5.15ന് ഫൊറോനാ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫ് തിരുനാളിന് കൊടിയേറ്റും. തുടർന്ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോഷി നിരപ്പേൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിക്കും. 14ന് ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ മുതിർന്ന പൗരന്മാർക്കായി ദിവ്യബലി. വൈകുന്നേരം 5.30ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. നോബിൾ മണ്ണാറത്ത് സിഎംഎഫ് കാർമികത്വം വഹിക്കും. 16 മുതൽ 21 വരെ എല്ലാ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും.

21ന് രാവിലെ മുതൽ ഭവനങ്ങളിലേക്ക് അമ്പെടുക്കൽ നടക്കും. വൈകുന്നേരം 5.30ന് ദിവ്യബലിക്കു ശേഷം പ്രദക്ഷിണം നടക്കും. പ്രധാന തിരുനാൾ ദിവസമായ 22ന് രാവിലെ 6.30നും 8.30നും ദിവ്യബലി. വൈകുന്നേരം നാലിന് നൊവേന, ലദീഞ്ഞ് എന്നിവയ്ക്കു ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അലങ്കരിച്ച് നഗരംചുറ്റിയുള്ള പ്രദക്ഷിണം നടക്കും. തുടർന്ന് ആറിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ പ്രഫസർ റവ.ഡോ. ഫിലിപ്പ് മറ്റം മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കും. തുടർന്ന് കരിമരുന്ന് കലാപ്രകടനവും ബാൻഡ് മേളവും അരങ്ങേറും. 23ന് രാവിലെ ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള ദിവ്യബലി നടക്കുമെന്ന് ഫൊറോനാ വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫ് അറിയിച്ചു.