ഹലോ ഫ്രണ്ട്സ് പ്രതിനിധികൾ ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കളെ സന്ദർശിച്ചു
സൂറിച്ച്: യെമനിൽ നിന്നും പത്തുമാസങ്ങൾക്കു മുമ്പ് ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുന്ന ഫാ. ടോം ഉഴുന്നാലിന്റെ ഭവനം സ്വിറ്റ്സർലൻഡിലെ ഹലോ ഫ്രണ്ട്സ് പ്രതിനിധികൾ സന്ദർശിച്ചു. മോൻസ് ജോസഫ് എംഎൽഎയ്ക്കൊപ്പമെത്തിയ സ്‌ഥലത്തെ ജനപ്രതിനിധികളേയും ഹലോ ഫ്രണ്ട്സ് പ്രതിനിധികളേയും സഹോദരൻ ഡേവിസ് ഉഴുന്നാലിലും മറ്റു ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.

ഫാ. ടോമിന്റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിറ്റ്സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹാലോ ഫ്രണ്ട്സ് ഡിസംബർ അവസാനവാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ഇന്ത്യൻ പ്രസിഡന്റിനും നിവേദനം നൽകുവാനായി ഓൺലൈൻ വഴി ഒപ്പു ശേഖരണം നടത്തുവാൻ ആരംഭിച്ചിരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ഓൺലൈൻ പെറ്റീഷനാണു ആരംഭിച്ചിരുന്നത്. ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരവധി ആളുകൾ ഒപ്പുശേഖരണത്തിൽ പങ്കാളികളായി.

ഈ മാസം അവസാനം ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ഇന്ത്യൻ പ്രസിഡന്റിനും നിവേദനം സമർപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രവാസലോകത്തുനിന്നും അച്ചന്റെ മോചനത്തിനായി ഹലോ ഫ്രണ്ട്സ് നടത്തുന്ന ഉദ്യമത്തിനു ഹലോ ഫ്രണ്ട്സിന്റെ പ്രവർത്തകരെ അനുമോദിക്കുകയും എല്ലാവിധ പിന്തുണയും മോൻസ് ജോസഫ് വാഗ്ദാനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെംബർ അനിത, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി.സി. കുര്യൻ, മരങ്ങാട്ടുപള്ളി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആൻസമ്മ സാബു, മുൻ ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബേബി ജേക്കബ്, മുൻ കത്തോലിക്കാ കോഗ്രസ് പ്രസിഡന്റും എഴുത്തുകാരനുമായ ജോൺ കച്ചിറമറ്റം എന്നിവർക്കൊപ്പം ഹലോ ഫ്രണ്ട്സ് പ്രതിനിധികളായ ടോമി തൊണ്ടാംകുഴി, ജോയി പറമ്പേട്ട്, ടോമി വിരുത്തിയേൽ എന്നിവരും പങ്കെടുത്തു.

പെറ്റീഷനിൽ ഒപ്പിടാൻ ഈ ലിങ്ക് സന്ദർശിക്കുക http://www.ipetitions.com/petition/please-save-frtom-uzhunnalil

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ