മലയാള ചിത്രം ‘സ്വയം’ റിലീസിംഗിനൊരുങ്ങി
ബെർലിൻ: ഇന്തോ– ജർമൻ സംയുക്‌ത സംരംഭമായ ‘സ്വയം’ എന്ന മലയാള ചലച്ചിത്രത്തിൽ ഓട്ടിസം, ഫുട്ബോൾ, ആയുർവേദം എന്നിവ പ്രമേയമാക്കി എക്സ്പീരിയൻ ആൻഡ് ഗ്രീൻ ഹാവൻ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജർമൻ മലയാളി വിനോദ് ബാലകൃഷ്ണയാണ്.

ഓട്ടിസം ബാധിതനായ പത്തുവയസുകാരൻ മെറോണിന്റെയും അവന്റെ മാതാപിതാക്കളായ എബിയുടെയും ആഗ്നസിന്റെയും കഥ പറയുന്നതാണ് സ്വയം. ഓട്ടിസം ബാധിച്ച മെറോൺ ഫുട്ബോൾ സെലക്ക്ഷൻ മൽസരത്തിനിടയിൽ കാലിന് പരിക്കേൽക്കുകയും അതോടെ മാനസികമായി തളർന്ന ആഗ്നസ്, പള്ളിവികാരിയുടെ ഉപദേശപ്രകാരം നാട്ടിൽ ആയുർവേദചികിൽസ തേടിയെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ 2000 ൽ കേരള സംസ്‌ഥാന അവാർഡും ദേശീയ അവാർഡും ഇന്ദിരാ ഗാന്ധി ബെസ്റ്റ് ഫസ്റ്റ് ഫിലിം ഡയറക്ടർ അവാർഡും 2011 ലെ ബെസ്റ്റ് നറേറ്റീവ് ഫീച്ചർ ഫിലിം അവാർഡും (ജനീവ) കരസ്‌ഥമാക്കിയിട്ടുള്ള ആർ. ശരത് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചരിക്കുന്നത്. സംഭാഷണം സജിവ് പാഴൂർ, കാമറ സജൻ കളത്തിൽ എന്നിവരാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്. 72 ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണക്കാർ.

മധു, ലക്ഷ്മിപ്രിയാ മേനോൻ, കെ.പി. ബേബി, അഷ്റഫ് പേഴുംമൂട്, മുൻഷി ബൈജു, ചന്ദ്രമോഹൻ, ആനി, മീനാക്ഷി, ജർമൻ ഫുട്ബോൾ താരമായിരുന്ന റോബർട്ടോ പിന്റോ എന്നിവർക്കൊപ്പം നിർമാതാവ് വിനോദിന്റെയും സ്മിതയുടെയും മകൻ വിച്ചു ബാലതാരമായും ചിത്രത്തിൽ വേഷമിടുന്നു. ഗാനരചന ഡോ. സുരേഷ്കുമാറും സംഗീതം പശ്ചാത്തലസംഗീതം എന്നിവ സച്ചിൻ മന്നത്തും ആലാപനം ഉണ്ണിമേനോനും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണത്തിന് ജർമനിയിലെ വാൾഡ്രോഫ് എഫ്സി അസ്റ്റോറിയുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ ജർമനിയിലെ സ്റ്റുട്ട്ഗാർട്ട്, ഹൈഡൽബർഗ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലുടനീളം ഉടൻതന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാവ് വിനോദ് ലേഖകനോടു പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ