ഉഗാണ്ടയിൽ വേൾഡ് മലയാളി ഫെഡറേഷന് ഉജ്‌ജ്വല തുടക്കം
Thursday, January 12, 2017 8:49 AM IST
കംപാല: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) ഉഗാണ്ടയുടെ മണ്ണിൽ മികച്ച തുടക്കം. നിലവിൽ കേരളസമാജം എന്ന ഒരേ ഒരു പ്രാദേശിക സംഘടന മാത്രമാണ് രാജ്യത്ത് മലയാളികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. കേരളസമാജവുമായി സഹകരിച്ച് ഡബ്ല്യുഎംഎഫ് എത്തുന്നത് ഉഗാണ്ട മലയാളികളെ ആഗോള മലയാളി സമൂഹവുമായിട്ടു നേരിട്ട് ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

രാജ്യ തലസ്‌ഥാനമായ കമ്പാലയിൽ കൂടിയ യോഗത്തിൽ ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ വിശിഷ്‌ടാതിഥിയായിരുന്നു. കേരളസമാജം സെക്രട്ടറി കെ.എസ്. ഷൈൻ അധ്യക്ഷത വഹിച്ചു. സുധീഷ് സുരേന്ദ്രൻ, സുരേന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഡബ്ല്യുഎംഎഫ് ഉഗാണ്ട പ്രൊവിൻസിനുവേണ്ടി കെ.എസ്. ഷൈൻ കൺവീനറായി ഒരു അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. രണ്ടു മാസങ്ങൾക്കകം നിയുക്‌ത കമ്മിറ്റി രാജ്യത്തെ മലയാളികളെ ഒരുമിച്ചു ചേർത്ത് പ്രാധാന ഭാരവാഹികളെ തെരഞ്ഞെടുക്കും. നിലവിലെ കോഓർഡിനേറ്റർ സുധീഷ് സുരേന്ദ്രൻ (ജോയിന്റ് കൺവീനർ), പി.കെ. കൃഷ്ണദാസ്, പി. സുരേന്ദ്രൻ ബാബു, കെ.പി. ഹരീഷ്കുമാർ, പിയൂഷ് പിള്ള, ദീപു മാത്തുക്കുട്ടി ജോൺ, വർഗീസ് ഫിലിപ്പോസ്, മുഹമ്മദ് നിസാം എന്നിവരടങ്ങിയ കമ്മിറ്റി അംഗങ്ങളേയും യോഗത്തിൽ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോബി ആന്റണി