പ്രവാസികൾക്ക് കേരളത്തിലെ റിസർവ് ബാങ്ക് ശാഖകളിൽ പണം മാറാൻ സൗകര്യമൊരുക്കണം: ഡബ്ല്യുഎംസി
Thursday, January 12, 2017 10:16 AM IST
സൂറിച്ച് : കേരളത്തിലുള്ള പ്രവാസികൾക്ക് റിസർവ് ബാങ്കിന്റെ ശാഖകളിൽ അസാധുവാക്കിയ നോട്ടുകൾ മാറാൻ സൗകര്യമൊരുക്കണമെന്ന് വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ആവശ്യപ്പെട്ടു. ഇതിനായി സംസ്‌ഥാന കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കേരളത്തിലെ കൊച്ചി, തിരുവന്തപുരം ബ്രാഞ്ചുകളിൽ പണം മാറ്റി നൽകുവാനുള്ള തീരുമാനം അടിയന്തരമായി എടുക്കണമെന്ന് റിസർവ് ബാങ്കിനോടും കേന്ദ്ര സർക്കാരിനോടും വേൾഡ് മലയാളി കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കൂടുതൽ പ്രവാസികളുള്ള സംസ്‌ഥാനമാണ് കേരളം. വിദേശപണം ഇന്ത്യയിൽ എത്തിച്ച് സമ്പദ്ഘടനയെ സഹായിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള പ്രവാസികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

പ്രവാസികൾക്ക് പഴയ നോട്ട് മാറ്റിയെടുക്കുന്നതിനുള്ള ആനുകൂല്യം ജൂൺ 30 വരെ നീട്ടിയെങ്കിലും കേരളത്തിലെ റിസർവ് ബാങ്ക് ഓഫീസുകളിൽ ഇതിനു സൗകര്യമൊരുക്കിയിട്ടില്ല എന്നത് തികഞ്ഞ വിവേചനവും മലയാളികളോടുള്ള കടുത്ത അവഗണനയുമാണ്. മുംബൈ ചെന്നൈ, കൊൽക്കത്ത, ഡൽഹി,നാഗ്പുർ എന്നീ അഞ്ച് റിസർവ് ബാങ്ക് ഓഫീസുകളിൽ മാത്രമാണ് ഇതിനു സൗകര്യമൊരുക്കിയിട്ടുള്ളത്.

ഒരു പ്രവാസിക്ക് മാറ്റാൻ സാധിക്കുന്നത് ഇരുപത്തിഅയ്യായിരം രൂപ മാത്രമാണ്. ഇത്രയും തുക മാറ്റി എടുക്കാൻ മേല്പറഞ്ഞ ബ്രാഞ്ചുകളിൽ പോകാൻ ഒരു മലയാളിയും തയാറാവില്ലെന്ന് അധികാരികൾക്ക് വ്യക്‌തമാണ്. ഇതുമൂലം കൈവശമുള്ള അധ്വാനിച്ചുണ്ടാക്കിയ പണം നശിപ്പിക്കേണ്ട അവസ്‌ഥയാണ്.

ഇരുപത്തയ്യായിരത്തിൽ കൂടുതൽ നോട്ടുകൾ കൊണ്ടുപോയാൽ പിടിക്കപ്പെടുമെന്ന ഭയത്താൽ ഡിസംബറിൽ നാട്ടിൽ പോയ സുഹൃത്തുക്കൾ മറ്റുള്ളവരുടെ പണം കൊണ്ടുപോകാൻ തയാറാകാതിരുന്നതും തിരിച്ചടിയായി.

ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ജോസ് വള്ളാടിയിൽ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ബാബു വേതാനി, ട്രഷറർ ബോസ് മണിയമ്പാറയിൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ