യൂറോപ്യൻ യൂണിയനിലെ സഞ്ചാര സ്വാതന്ത്ര്യം പുനഃപരിശോധിക്കണം: ആസ്ചർ
Saturday, January 14, 2017 10:38 AM IST
ആംസ്റ്റർഡാം: യൂറോപ്യൻ യൂണിയന്റെ അടിസ്‌ഥാന തത്വങ്ങളിലൊന്നായ വീസ രഹിത സഞ്ചാര സ്വാതന്ത്രം പുനഃപരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഡച്ച് ഉപപ്രധാനമന്ത്രി ലോഡെവിക് ആസ്ചർ.

നിർബാധമായ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരേ യൂറോപ്പിൽ ആകമാനം പ്രതിഷേധം ശക്‌തമായി വരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ അംഗമായ ഏതു രാജ്യത്തെയും പൗരന് വീസയില്ലാതെ യൂണിയനിൽ എവിടെയും യാത്ര ചെയ്യാൻ ഇപ്പോൾ അനുവാദമുണ്ട്.

ബ്രെക്സിറ്റ് നടപ്പാക്കാൻ പോകുന്ന സാഹചര്യത്തിൽ ഈ ചട്ടം പുനഃപരിശോധിക്കാൻ പറ്റിയ സമയമാണിത്. ഇതുവഴി കുടിയേറ്റം നിയന്ത്രിക്കാൻ സാധിക്കുമെന്നും ആസ്ചർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ