ഡാന്യൂബിൽ വീണ കുറുക്കൻ ’ഐസായി’
Saturday, January 14, 2017 11:10 AM IST
ബെർലിൻ: ശൈത്യത്തിലെ തണുത്തുറയുന്ന മഞ്ഞു കാലാവസ്ഥയിൽ ജർമനിയിൽ ഉലാത്താനിറങ്ങിയ കുറുക്കൻ മരവിച്ച് ഐസ് കട്ടയായി. ജർമനിയിലെ ബാഡൻ വ്യുർട്ടംബർഗിലെ ഫ്രീഡിംഗൻ നിവാസിയായ ഫ്രാൻസ് ജോഹാനസ് സ്റ്റീലെ എന്ന വേട്ടക്കാരനാണ് ഡാന്യൂബ് നദിയിൽ ശീതീകരിച്ച നിലയിൽ കണ്ടെത്തിയ കുറുക്കന്റെ ഫോട്ടോ പുറംലോകത്തെ അറിയിച്ചത്.

തെക്കൻ ജർമനിയിലെ ഡാന്യൂബ് നദിയിൽ അബദ്ധത്തിൽ കാൽ വഴുതി വീണ കുറുക്കനാണ് നദിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിക്കുള്ളിൽ അകപ്പെട്ടു ഐസ് കട്ടയായത്. തണുത്തുറഞ്ഞ നദിയിൽനിന്നു കുറുക്കൻ കുടുങ്ങിയ ഭാഗം ഫ്രാൻസ് സ്റ്റീലെ വെട്ടിയെടുത്തു കുറുക്കനെ തന്റെ ഉടമസ്ഥതയിലുള്ള ഹന്റിംഗ് ഹൗസിന്റെ മുന്നിൽ പ്രദർശനത്തിനു വച്ചിരിക്കുകയാണ്. ശൈത്യത്തിന്റെ ഭീകരതയെക്കുറിച്ചും നദികളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജലപാതകളുടെ അരികിലൂടെ നടക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പു നൽകാനായിട്ടാണ് ഇത് പ്രദർശിക്കുന്നതെന്നും സ്റ്റീലെ പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനുള്ള ഇത്തരമൊരു ദൃശ്യം ആദ്യമായാണ് താൻ കാണുന്നതെന്നും സ്റ്റീലേ പറയുന്നു.

മൈനസ് 30 ഡിഗ്രി വരെ താഴ്ന്ന നിലയിലാണ് മധ്യയൂറോപ്പിലെ ഇപ്പോഴത്തെ താപനില. അതുകൊണ്ടുതന്നെ ഡാന്യൂബ് നദിയിലെ ജലം ഐസായി മാറിയതിനെ തുടർന്ന് 565 മൈൽ ദൂരത്തെ ജലഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. യൂറോപ്പിലാകമാനം അനുഭവപ്പെടുന്ന അതിശൈത്യത്തിന്റെ ഭീകരത വീണ്ടും വർധിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ