ആംഗല മെർക്കലിനൊപ്പമുള്ള സെൽഫി ദുരുപയോഗം ചെയ്തു
Monday, January 16, 2017 7:34 AM IST
ബെർലിൻ: ജർമൻ ചാൻസലർ ആംഗലാ മെർക്കലിനൊപ്പം സെൽഫിയെടുത്ത് താരമായ സിറിയൻ അഭയാർഥി അനസ് മൊദമാനി ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിച്ചു. തന്നെ തീവ്രവാദിയെന്നും കുറ്റവാളിയെന്നും ആരോപിച്ച് പോസ്റ്റിടുന്നവരെ തടയാൻ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഫേസ്ബുക്കിനെതിരെ അനസ് കോടതിയിൽ അപകീർത്തി കേസ് നൽകിയത്.

2015 സെപ്റ്റംബറിലാണ് ബെർലിനിലെ സ്പന്ദാവ് അഭയാർഥി ക്യാമ്പ് സന്ദർശിച്ച ആംഗല മെർക്കലിനൊപ്പം ഈ 19 കാരൻ സെൽഫിയെടുത്തത്. സെൽഫിയെടുക്കുമ്പോൾ മെർക്കൽ ആരാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അനസ് പറഞ്ഞു. ആളുകൾ ചുറ്റും കൂടി നിൽക്കുന്നത് കണ്ടപ്പോൾ പ്രധാനപ്പെട്ട ഒരു വ്യക്‌തിയായിരിക്കുമെന്ന് കണ്ടാണ് സെൽഫിയെടുക്കാൻ മുതിർന്നത്. പിന്നീടാണ് ജർമൻ ചാൻസലർ ആണെന്ന് തിരിച്ചറിഞ്ഞത്. ഈ ചിത്രം അടുത്തുണ്ടായിരുന്ന ഒരു ഫോട്ടോഗ്രാഫറും പകർത്തിയിരുന്നു. അഭയാർഥികളോടുള്ള ജർമനിയുടെ ഉദാരതയുടെ പ്രതീകമായി ഈ ചിത്രം മാസങ്ങളോളം ലോകമെങ്ങും കൊണ്ടാടി. മാസങ്ങൾക്കകം നിരവധി അജ്‌ഞാത ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കും ഈ ഫോട്ടോ ഷെയർ ചെയ്യപ്പെട്ടു.

2016 മാർച്ചിൽ ബ്രസൽസിലെ തീവ്രവാദി ആക്രമണമുൾപ്പെടെ നിരവധി സംഭവങ്ങളിൽ അനസിനെ പ്രതിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പിന്നീട് വന്ന ഫേസ്ബുക്ക് പോസ്റ്റ്. ബർലിൻ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണമുണ്ടായപ്പോൾ ആംഗല മെർക്കലിന്റെ മരണമാണ് എന്ന സന്ദേശത്തിൽ വീണ്ടും ഈ ഫോട്ടോ വന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫേസ്ബുക് വിസമ്മതിക്കുകയായിരുന്നുവെന്ന് മൊദമാനിയുടെ അഭിഭാഷകൻ ചാൻ ജോ ജുൻ പറഞ്ഞു. ജർമൻ തലസ്‌ഥാനമായ ബെർലിനിലെ റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന മനുഷ്യനെ തീവച്ച സംഘവുമായി അനസിനെ ബന്ധപ്പെടുത്തിയും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. അഞ്ഞൂറ് തവണയാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത്. ഏതാണ്ട് 25,000ത്തിനും 50,000ത്തിനുമിടക്ക് ആളുകൾ ഇതു ശ്രദ്ധിച്ചിട്ടുണ്ടാവും.

2016 ഡിസംബറിലാണ് ഫേസ്ബുക്കിനെതിരെ അനസ് ജർമൻ കോടതിയെ സമീപിച്ചത്. ഹർജിയിൽ ഫെബ്രുവരി ആറിന് വാദം കേൾക്കും. അനസ് ബെർലിനിലെ ഒരു ഫാസ്റ്റ്ഫുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയാണ്.

റിപ്പോർട്ട്: ജോർജ് ജോൺ