മാഞ്ചസ്റ്റർ നൈറ്റ് വിജിൽ വെള്ളിയാഴ്ച; ഫാ.ടോമിന്റെ മോചനത്തിനായി പ്രത്യേക പ്രാർത്ഥനകൾ
Tuesday, January 17, 2017 5:31 AM IST
മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ചകളിൽ നടത്തുന്ന നൈറ്റ് വിജിലിന് റവ.ഫാ.തോമസ് തൈക്കൂട്ടത്തിൽ, ബ്രദർ ചെറിയാൻ കവലക്കൽ എന്നിവർ നേതൃത്വം നല്കും. രാത്രി ഒമ്പതു മുതൽ പുലർച്ചെ രണ്ടു വരെയാണ് നൈറ്റ് വിജിൽ ശുശ്രൂഷകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഇപ്രാവശ്യത്തെ നൈറ്റ് വിജിലിന് സംഘാടകരായ ജീസസ് യൂത്തിന്റെ കുടുംബാംഗങ്ങൾ ഒന്നാകെ ഉപവസിച്ച് പ്രാർത്ഥിച്ച് ഒരുക്കത്തോടെയാണ് എത്തുന്നത്.

യമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഫാ.ടോം ഉഴുവനാലിൽ എന്ന വൈദികന്റെ മോചനത്തിനായാണ് പ്രത്യേക പ്രാർത്ഥനകൾ നടക്കുക. നൈറ്റ് വിജിൽ ശുശ്രൂഷകളിൽ കുടുംബമൊന്നിച്ച് പങ്ക് ചേർന്ന് ഫാ.ടോമിന്റെ മോചനത്തിനായി പ്രാർത്ഥിക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാവരേയും ജീസസ് യൂത്ത് മാഞ്ചസ്റ്റർ ടീമംഗങ്ങൾ ക്ഷണിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്