ഏകീകൃത വിപണിയിൽ ഉൾപ്പെട്ടില്ലെങ്കിൽ യുകെ സാമ്പത്തിക നയം മാറ്റും: ചാൻസലർ
Tuesday, January 17, 2017 5:31 AM IST
ലണ്ടൻ: ബ്രെക്സിറ്റ് പൂർത്തിയായ ശേഷം ബ്രിട്ടനെ യൂറോപ്യൻ ഏകീകൃത വിപണിയിൽ തുടരാൻ അനുവദിക്കുന്നില്ലെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക മോഡൽ അപ്പാടെ മാറ്റുമെന്ന് ചാൻസലർ ഫിലിപ്പ ഹാമണ്ട്.

ഏകീകൃത വിപണിയിൽ ഉൾപ്പെടുത്തുന്നില്ലെന്നു കരുതി സർക്കാർ തോറ്റു പിൻമാറില്ല. മത്സരക്ഷമത നിലനിർത്താൻ സാധിക്കുന്നതല്ലൊം ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോർപ്പറേഷൻ ടാക്സ് വെട്ടിക്കുറയ്ക്കുകയും, അതുവഴി വ്യവസായികളെ ആകർഷിക്കുകയും ചെയ്യുക വഴി നികുതി ഇളവിനുള്ള പറുദീസയായി മാറാനാണ് ബ്രിട്ടൻ ശ്രമിക്കുന്നതെന്നും വിലയിരുത്തലുണ്ട്. യൂറോപ്പുമായി വാണിജ്യ യുദ്ധത്തിനാണ് യുകെയുടെ പുറപ്പാട് എന്നാണ് ചാൻസലറുടെ പ്രസ്താവന നൽകുന്ന സൂചനയെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ.

ബ്രെക്സിറ്റ് നയം സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്താൻ തയാറാകാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചൊവ്വാഴ്ച നടത്തുന്ന പ്രസംഗത്തിൽ വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ