ദാവോസ് ഉച്ചകോടിക്ക് തുടക്കമായി
Wednesday, January 18, 2017 3:45 AM IST
ദാവോസ്: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ നാല്പത്തിയേഴാമത് വാർഷിക സമ്മേളനം സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 20 വരെയാണ് സമ്മേളനം.

‘ഉത്തരവാദിത്തമുള്ള ലീഡർഷിപ്പിനായി പ്രതികരിക്കുക’ എന്നാണ് ഇത്തവണത്തെ ആപ്തവാക്യം.99 രാജ്യങ്ങളിൽ നിന്നായി മുവായിരം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.അമേരിക്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുക്കുന്നത്(836). രണ്ടാമത് സ്വിറ്റ്സർലൻഡും (301) ബ്രിട്ടനിൽ നിന്ന് 283 പേരും ജർമനിയിൽ നിന്ന് 136 പേരും പങ്കെടുക്കുന്നുണ്ട്. അഞ്ചാം സ്‌ഥാനത്തുള്ള ഇന്ത്യയിൽ 107 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

1971ൽ ജനീവയിൽ തുടക്കം കുറിച്ചതാണ് ലോക സാമ്പത്തിക ഫോറം. അന്ന് 450 പേരായിരുന്നു സമ്മേളനത്തിൽ പങ്കെടുത്തത്. വ്യവസായ സംരംഭകൻ ക്ലോസ് ഷ്വാബ് ആയിരുന്നു സ്‌ഥാപകൻ. ഇപ്പോഴും അദ്ദേഹം തന്നെയാണ് തലപ്പത്ത്.

സ്വതന്ത്രവും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ ഫോറം ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണാൻ രാഷ്ര്‌ടീയ, വ്യവസായ നേതാക്കളെ ഒരേ വേദിയിൽ എത്തിക്കാനുദ്ദേശിച്ചാണ് മുന്നോട്ടു പോകുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ലണ്ടൻ മേയർ സാദിഖ് ഖാൻ, ഫെയ്സ്ബുക്ക് സിഇഒ ഷെറിൽ സാൻഡ്ബെർഗ്, ഐഎംഎഫ് എംഡി ക്രിസ്റ്റിൻ ലഗാർഡെ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തുടങ്ങിയ പ്രമുഖർ ഇക്കുറി ദാവോസിലെത്തിയിട്ടുണ്ട്.

വർധിച്ചുവരുന്ന അസമത്വം, തൊഴിലിടങ്ങളിൽ സാങ്കേതികവിദ്യയുടെ സ്വാധീനം, ലിംഗ അസ്തിത്വം, പുതിയ യുഎസ് ഭരണകൂടം നേരിടുന്ന വെല്ലുവിളികൾ, ഡിജിറ്റൽ യുഗത്തിലെ ഭീകര, തൊഴിൽമേഖലയിലെ ലിംഗ അസമത്വം, കാലാവസ്‌ഥാ വ്യതിയാനം എന്നിവയാണ് ഇക്കുറി ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ. നാലു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 400 സെഷനുകളാണുള്ളത്. ഇതിനായി 600 ഓളം പേരാണ് നിയോഗിച്ചിരിക്കുന്നത്.

5000 ഉദ്യോഗസ്‌ഥരെയാണ് സുരക്ഷാസംവിധാനത്തിനായി നിയോഗിച്ചിരിക്കുന്നത്. അതിനായി മാത്രം ഒമ്പത് മില്യൺ സ്വിസ് ഫ്രാങ്കാണ് ചെലവ് വകയിരുത്തിയിരിക്കുന്നത്. സമ്മേളനവേദി ഉൾക്കൊള്ളുന്ന 46 കിലോമീറ്റർ ചറ്റളവിലാണ് സുരക്ഷാവലയം നിർമിച്ചിരിക്കുന്നത്. 500 മാധ്യമപ്രവർത്തകരിൽ 54 പേർ മുഖ്യപത്രാധിപന്മാരാണ്.

<ആ>ആഗോളീകരണം പാപമല്ല: ദാവോസ് ഫോറം സ്‌ഥാപകൻ

ആളുകളുടെ ആശങ്കയുടെ ബലിയാട് മാത്രമാണ് ആഗോളീകരണമെന്നും പ്രചരിപ്പിക്കപ്പെടുന്നതുപോലെ പാപമല്ല അതെന്നും ദാവോസ് ഫോറത്തിന്റെ സ്‌ഥാപകൻ ക്ലോസ് ഷ്വാബ്.

ആഗോള വിപണിക്കും ആഗോളീകരണത്തിനുമായി എന്നും ശക്‌തമായി വാദിച്ചിട്ടുള്ളയാണ് ഷ്വാബ്. നിലവിൽ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ എക്സിക്യൂട്ടീവ് ചെയർമാനാണ് ഈ എഴുപത്തെട്ടുകാരൻ.

സമൂഹത്തിൽ അതിവേഗം മാറ്റങ്ങൾ വരുന്നു. അതാണ് ആളുകളുടെ ആശങ്കയ്ക്കു കാരണമാകുന്നത്. ആഗോളീകരണം ആശങ്കപ്പെടുന്നതുപോലെ പേടിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. ആശങ്കയ്ക്ക് അടിസ്‌ഥാനം ആഗോളീകരണം മാത്രമല്ലെന്നും വാദം.

അടുത്ത ആഴ്ചയാണ് ഈ വർഷത്തെ ദാവോസ് യോഗങ്ങൾക്കു തുടക്കം കുറിക്കുന്നത്. ആഗോളീകരണ നടപടികൾക്കെതിരേ യൂറോപ്യൻ രാജ്യങ്ങളിൽ ശക്‌തമായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഷ്വാബിന്റെ പ്രതികരണങ്ങൾ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ