സ്വിറ്റ്‌സര്‍ലന്‍ഡില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ നിരവധി വാഹനാപകടങ്ങള്‍
Wednesday, January 18, 2017 8:32 AM IST
സൂറിച്ച്: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ നിരത്തുകനിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെയും ഹൈവേകളിലെ നീണ്ട ക്യൂ മൂലം നിരവധി മണിക്കൂറുകള്‍ വൈകിയാണ് ആളുകള്‍ ഓഫീസുകളില്‍ എത്തിയത്.

എ1 ഹൈവേയില്‍ ലുസാന്നയ്ക്കും ജനീവയ്ക്കുമിടയില്‍ നീണ്ട വാഹന നിര രൂപപ്പെട്ടു. ഒരു വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രാവിലെ പത്തു വരെ റോഡില്‍ വാഹനകുരുക്ക് രൂപപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ പോലീസിനെ അറിയിച്ചതുമില്ല.

കനത്ത മഞ്ഞുവീഴ്ച മൂലം വാഹനമോടിക്കുന്നവര്‍ റോഡുകളുടെ സ്ഥിതി മനസിലാക്കി വേഗത നിയന്ത്രിക്കേണ്ടതാണെന്നും അല്ലാതെയുള്ള അപകടങ്ങള്‍ക്ക് അവരവര്‍ തന്നെയാണ് ഉത്തരവാദികളെന്നും വൌദ് കന്റോണ്‍ പോലീസ് വക്താവ് പാസകാല്‍ ഗ്രാനാഡോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പുലര്‍ച്ചെ മുതല്‍ റോഡിലിരുവശവും മഞ്ഞുകൂമ്പാരം രൂപപ്പെട്ടതിനെ തുടര്‍ന്ന് കാട്ടുമൃഗങ്ങള്‍ ദിശാബോധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡുകളില്‍ ഇറങ്ങിയതായി നിരവധി ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പോലീസും റോഡ് സുരക്ഷാ വിഭാഗവും റോഡുകളിലെങ്ങും ഉപ്പുവിതറുന്ന പ്രവര്‍ത്തനം തുടരുകയാണെന്നും ഒരു പരിധി വരെ റോഡ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും വക്താവറിയിച്ചു. ജനീവ തടാകത്തില്‍ ഐസ് നിറഞ്ഞത് മൂലം കപ്പല്‍ ഗതാഗതം തടസപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍