അന്‍റോണിയോ തജാനി യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പ്രസിഡന്‍റ്
Thursday, January 19, 2017 7:08 AM IST
ബ്രസൽസ്: ഇറ്റലിയിൽ നിന്നുള്ള കണ്‍സർവേറ്റീവ് നേതാവ് അന്േ‍റാണിയോ തജാനി യൂറോപ്യൻ യൂണിയൻ പാർലമെന്‍റിന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
സിൽവിയോ ബർലുസ്കോണിയുടെ ഉപദേശകനായും യൂറോപ്യൻ കമ്മിഷണറായുമൊക്കെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഈ അറുപത്തിമൂന്നുകാരൻ. ഇറ്റലിയിൽനിന്നു തന്നെയുള്ള ജിയാനി പിറ്റെലയായിരുന്നു തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ മുഖ്യ എതിരാളി.

യൂറോപ്യൻ യൂണിയൻ നിയമങ്ങൾ തടയാനും ഭേദഗതി ചെയ്യാനും അധികാരമുള്ള യൂറോപ്യൻ പാർലമെന്‍റിന്‍റെ അധ്യക്ഷ പദമാണിത്. യുകെയുമായി നടത്തുന്ന ബ്രെക്സിറ്റ് ചർച്ചകളുടെ അന്തിമ ധാരണ തള്ളണോ കൊള്ളണോ എന്ന കാര്യത്തിൽ അവസാന വാക്കും യൂറോപ്യൻ പാർലമെന്‍റിന്േ‍റതായിരിക്കും.

തെരഞ്ഞെടുപ്പിൽ തജാനിക്ക് 351 വോട്ടും സോഷ്യലിസ്റ്റ് പ്രതിനിധിയായ പിറ്റെലയ്ക്ക് 282 വോട്ടുമാണ് കിട്ടിയത്. തജാനി അറിയപ്പെടുന്ന ഒരു യാഥാസ്ഥിതികൻ കൂടിയാണ്.ഫ്രാൻസിലെ സ്ട്രാസ്ബുർഗിലാണ് പാർലമെന്‍റിന്‍റെ ആസ്ഥാനം. ചൊവ്വാഴ്ച രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പിൽ നാല് റൗണ്ട് വോട്ടിംഗിനു ശേഷമാണ് തജാനി തെരഞ്ഞെടുക്കപ്പെട്ടത്.

ജർമൻകാരനായ മാർട്ടിൻ ഷൂൾസിന്‍റെ കാലാവധി കഴിയുന്നതിനു മുന്പേ കഴിഞ്ഞ നവംബറിൽ രാജിവച്ച ഒഴിവിലാണ് തജാനി പ്രസിഡന്‍റാകുന്നത്. നിലവിലെ ജർമൻ വിദേശകാര്യമന്ത്രി വാൾട്ടർ സ്റ്റൈൻമെയർ ഫെബ്രുവരിയിൽ ജർമൻ പ്രസിഡന്‍റായി സ്ഥാനം ഏൽക്കുന്നതിനെ തുടർന്നുണ്ടാകുന്ന ഒഴിവിൽ മാർട്ടിൻ ഷുൾസ് പുതിയ ജർമൻ വിദേശകാര്യ മന്ത്രിയായി അധികാരമേൽക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ