ലോക ഇക്കണോമിക് ഫോറത്തിൽ ട്രംപിന്‍റെ നയങ്ങൾക്ക് ചൈനയുടെ രൂക്ഷ വിമർശനം
Thursday, January 19, 2017 7:11 AM IST
ദാവോസ്: വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങൾക്കെതിരേ ഉന്നയിച്ചത് രൂക്ഷ വിമർശനങ്ങൾ.

ലോകം നേരിടുന്ന പ്രശ്നങ്ങൾക്കു മുഴുവൻ ആഗോളീകരണത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നു വ്യക്തമാക്കിയ ജിൻപിംഗ്, ട്രംപിന്‍റെ പ്രൊട്ടക്ഷനിസ്റ്റ് നയം അപകടകരമാണെന്നും മുന്നറിയിപ്പു നൽകി. ആഗോളീകരണത്തിൽ നിന്നു തിരിച്ചുപോക്കില്ലെന്നും ജിൻപിംഗ് കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളായി ലോക സന്പദ് വ്യവസ്ഥയ്ക്കു നേതൃത്വം നൽകുന്നത് യുഎസാണ്. എന്നാൽ, ലിഖിതവും അലിഖിതവുമായ ചട്ടങ്ങളെല്ലാം കീറിയെറിയാൻ പോകുന്നു എന്ന മട്ടിലാണ് ട്രംപിന്‍റെ പോക്ക്. പക്ഷേ, ആരു വിചാരിച്ചാലും ആഗോളീകരണത്തിൽനിന്നൊരു തിരിച്ചു പോക്ക് സാധ്യമല്ലെന്നും ജിൻപിംഗ് വ്യക്തമാക്കി.

ട്രംപിന്‍റെ പ്രൊട്ടക്ഷനിസ്റ്റ് നയം സ്വയം ഇരുട്ടു മുറിയിൽ അടച്ചിരിക്കുന്നതിനു തുല്യമാണ്. പുറത്ത് കാറ്റും മഴയും വരും വെളിച്ചവും വായുവും കാണും. പക്ഷേ, ഉള്ളിൽ ഒന്നും അറിയണമെന്നില്ല- അദ്ദേഹം വിശദീകരിച്ചു. ചൈനീസ് നാടോടിക്കഥകളും ചാൾസ് ഡിക്കൻസിനെയും ഏബ്രഹാം ലിങ്കണെയുമൊക്കെ ഉദ്ധരിച്ചായിരുന്നു ജിൻപിംഗിന്‍റെ പ്രസംഗം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ