വൈറ്റ് ഹൗസിലെ രഹസ്യങ്ങളുടെ താക്കോൽ ഒബാമ ഇന്ന് ട്രംപിന് കൈമാറും
Friday, January 20, 2017 5:16 AM IST
വാഷിംഗ്ടണ്‍: നാല്പത്തി അഞ്ചാമത് അമേരിക്കൻ പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ വൈറ്റ് ഹൗസിൽ സൂക്ഷിച്ചിരിക്കുന്ന അതീവ രഹസ്യങ്ങളുടെ താക്കോൽ ഒബാമ നിയുക്ത പ്രസിഡന്‍റ് ട്രംപിന് കൈമാറും.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന അമേരിക്കയിലെ വോട്ടർമാർ ട്രംപിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തതോടെ രഹസ്യങ്ങളുടെ താക്കോൽ ട്രംപിന്‍റെ കൈയിൽ സുരക്ഷിതമാണെന്നർഥശങ്കയ്ക്കിടയില്ലാത്തവിധം അംഗീകരിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രസിഡന്‍റ് ഒബാമയും ഹില്ലരിയും ട്രംപിനെതിരെ ഉയർത്തിയ പ്രധാന ആരോപണം രഹസ്യങ്ങൾ സൂക്ഷിക്കുവാൻ ട്രംപ് അർഹനല്ല എന്നതായിരുന്നു. തീരെ അപക്വമായ ഈ പ്രചാരണം പ്രബുദ്ധരായ അമേരിക്കൻ വോട്ടർമാർ തള്ളിക്കളഞ്ഞുവെന്നു മാത്രമല്ല അടുത്ത നാലു വർഷം കൊണ്ട് അമേരിക്കയുടെ മുഖഛായ തന്നെ മാറ്റുമെന്നുള്ള ട്രംപിന്‍റെ പ്രഖ്യാപനം വോട്ടർമാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്.

ട്രംപിന്‍റെ ഭരണം ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുമെന്നും രാഷ്ട്രീയമായി കളങ്കരഹിതനായ ട്രംപ് സംശുദ്ധ ഭരണം കാഴ്ചവയ്ക്കുമെന്നും ഐക്യത്തിന്േ‍റയും സമാധാനത്തിന്േ‍റയും സന്ദേശവാഹകനായി തീരുമെന്നും പ്രതീക്ഷിക്കാം.

റിപ്പോർട്ട്: പി.പി. ചെറിയാൻ