ജർമനി പ്രതിരോധചെലവ് വർധിപ്പിക്കുന്നു
Friday, January 20, 2017 9:56 AM IST
ബെർലിൻ: പ്രതിരോധ ആവശ്യങ്ങൾക്കുള്ള ചെലവ് രണ്ട് ബില്യണ്‍ യൂറോ വർധിപ്പിക്കാൻ ജർമനി തീരുമാനിച്ചു. എന്നാൽ, നാറ്റോ മുന്നോട്ടു വച്ച ലക്ഷ്യത്തിലും വളരെ താഴെയാണ് ഇതിപ്പോഴും.

യുഎസ്, യുകെ, ഗ്രീസ്, പോളണ്‍ട്, എസ്റ്റോണിയ എന്നീ അംഗങ്ങൾ മാത്രമേ ജിഡിപിയുടെ രണ്ടു ശതമാനം പ്രതിരോധ ബജറ്റായി ഉപയോഗിക്കൂ എന്നായിരുന്നു നാറ്റോയുടെ കണക്കുകൂട്ടൽ. എല്ലാ അംഗങ്ങളും ഈ നിലയിലെത്തുക എന്നതാണ് ലക്ഷ്യം.

ഈ വർഷം ജിഡിപിയുടെ 1.2 ശതമാനം മാത്രമായിരിക്കും ജർമനി പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. നാറ്റോ അംഗരാജ്യങ്ങൾ യുഎസിനെ അമിതമായി ആശ്രയിക്കരുതെന്നാണ് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി അമേരിക്കയിൽ നിന്ന് പഴയതു പോലുള്ള പിന്തുണ പ്രതീക്ഷിക്കരുതെന്ന് ജർമനിയും യൂറോപ്യൻ യൂണിയൻ നേതാക്കളും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധ ബജറ്റ് വർധിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾക്കു പ്രസക്തിയേറുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ