നമ്മ മെട്രോ: രണ്ടാം ഘട്ടം 2022ൽ മാത്രം
Saturday, January 21, 2017 9:57 AM IST
ബംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ടം 2022ൽ മാത്രമേ പൂർത്തിയാകുകയുള്ളൂവെന്ന് ബിഎംആർസിഎൽ. 2020ൽ രണ്ടാംഘട്ടം പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, രണ്ട ാംഘട്ടത്തിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാകാത്തതിനാൽ പദ്ധതി വൈകുമെന്നാണ് അറിയുന്നത്. രണ്ടാം ഘട്ടത്തിൽ ഡ്രൈവറില്ലാത്ത ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബിഎംആർസിഎൽ ചീഫ് എൻജിനിയർ എൻ.പി. ശർമ പറഞ്ഞു.

72.1 കിലോമീറ്റർ നീളംവരുന്ന രണ്ടാം ഘട്ടത്തിൽ, ഒന്നാംഘട്ടത്തിലെ പാതകളെ ബന്ധിപ്പിച്ച് നാലു റൂട്ടുകളും രണ്ടു പുതിയ റൂട്ടുകളുമാണ് ഉള്ളത്. ഇവയിൽ പുട്ടനഹള്ളി- അഞ്ജനപുര ലൈൻ, മൈസൂരു റോഡ്-കെങ്കേരി റോഡ് എന്നിവയുടെ പ്രാരംഭനടപടികൾ ആരംഭിച്ചുകഴിഞ്ഞു. വിവിധ പാതകൾക്കുള്ള സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണ്. ബൈയപ്പനഹള്ളി- വൈറ്റ് ഫീൽഡ് റൂട്ടിലെ സ്ഥലമേറ്റെടുപ്പ് മാത്രമേ നിലവിൽ പൂർത്തിയായിട്ടുള്ളൂ. 26,405 കോടി രൂപയാണ് രണ്ടാംഘട്ടത്തിനായി ചെലവഴിക്കുന്നത്.

മെട്രോ ഒന്നാം ഘട്ടം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകും. ഇതിനായുള്ള അന്തിമജോലികൾ നടന്നുവരികയാണ്. അതേസമയം, ഒൗട്ടർ റിംഗ് റോഡിനെ ഉൾപ്പെടുത്തി മൂന്നാം ഘട്ടത്തിനായുള്ള ആലോചനകളും നടന്നുവരികയാണ്. 127 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് മൂന്നാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.