ട്രംപിൽ നിന്ന് ജർമനി പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതും
Saturday, January 21, 2017 10:37 AM IST
ബെർലിൻ: യുഎസ്എയുടെ പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്പോൾ ജർമനിക്ക് ശുഭ പ്രതീക്ഷകൾ ഏറെയില്ല. ഇടതു - വലതു വ്യത്യാസമില്ലാതെ ട്രംപിനെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്ന തിരക്കിലാണ് ജർമൻ രാഷ്ട്രീയ നേതാക്കൾ.

ട്രംപിന്‍റെ പ്രവചനാതീത സ്വഭാവം കുഴപ്പങ്ങൾക്കു കാരണമാകുമെന്ന് സോഷ്യൽ ഡെമോക്രാറ്റ് ജനറൽ സെക്രട്ടറി കാതറീന ബാർലി. പ്രകോപനപരമായ സ്വഭാവം മാറ്റിയില്ലെങ്കിൽ സംഘർഷങ്ങൾ പതിവാകുമെന്നും ബാർലി. മെറിൽ സ്ട്രീപ്പിന്‍റെ പരാമർശങ്ങളോട് ട്രംപ് പ്രതികരിച്ച പക്വതയില്ലാത്ത രീതിയും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. നാറ്റോയ്ക്ക് എതിരായി ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾ യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ പ്രതിരോധം സ്വയം ശക്തിപ്പെടുത്താൻ സമ്മർദം ചെലുത്തുന്നതാണെന്ന് സിഡിയുവിൽനിന്നുള്ള ഡേവിഡ് മക്അലിസ്റ്റർ.

എന്നാൽ, ജനങ്ങളോടു നേരിട്ടു സംസാരിക്കുന്ന ട്രംപിന്‍റെ രീതി താൻ ഇഷ്ടപ്പെടുന്നു എന്നാണ് ബവേറിയൻ പ്രധാനമന്ത്രിയും സിഎസ്യു നേതാവുമായ ഹോഴ്സ്റ്റ് സീഹോഫർ പറഞ്ഞത്. അധികാരമേൽക്കും മുൻപേ ട്രംപിനെ വിമർശിക്കുന്നതു ശരിയല്ലെന്നും അദ്ദേഹത്തിനു പ്രവർത്തിക്കാൻ സമയം നൽകണമെന്നും സീഹോഫർ കൂട്ടിച്ചേർത്തു.

ട്രംപിന്‍റെ ഭരണം യൂറോപ്പിനു ഗുണകരമായിരിക്കില്ലെന്നാണ് ജർമനിയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിലും വ്യക്തമായിരിക്കുന്നത്. 5.2 ശതമാനം പേർ അദ്ദേഹത്തിൽ പുതുമ കാണുന്പോൾ 11 ശതമാനം പേർ തുറന്ന സമീപനത്തെ അംഗീകരിക്കുന്നു. ബാക്കി മുഴുവൻ പേരും എതിർക്കുന്നു. ഇതിൽ പ്രവചനാതീത സ്വഭാവത്തെയും അപകടകരമായ നിലപാടുകളെയും ആശങ്കയോടെ കാണുന്നവരാണ് ഏറെ.

അമേരിക്കയുമായുള്ള ജർമനിയുടെ ഇതുവരെയുള്ള ചങ്ങാത്തത്തിന് കോട്ടം വരുമെന്നാണ് ആകെയുള്ള വിലയിരുത്തൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ