ബ്രെസ്റ്റ് ഇംപ്ലാന്‍റ് തകരാറ്: ജർമനി 60 മില്യണ്‍ യൂറോ നഷ്ടപരിഹാരം നൽകാൻ വിധി
Saturday, January 21, 2017 10:41 AM IST
ബെർലിൻ: സൗന്ദര്യ വർധനയ്ക്കുവേണ്ടി സിലിക്കോണ്‍ സ്തനം കൃത്രിമമായി വച്ചുപിടിപ്പിച്ച ഫ്രാൻസിലെ ഇരുപതിനായിരം സ്ത്രീകൾക്ക് ജർമനി അറുപത് ദശലക്ഷം യൂറോ നഷ്ടപരിഹാരം നൽകാൻ ഫ്രഞ്ച് കോടതി വിധിച്ചു.

ജർമൻ സേഫ്റ്റി സർട്ടിഫയർ ടിയുവിയാണ്(ടുവ് റൈൻലാൻഡ്) നഷ്ടപരിഹാരതുക നൽകേണ്ടത്. ഇവരിൽ സ്ഥാപിച്ച ബ്രസ്റ്റ് ഇംപ്ലാന്‍റുകൾക്ക് പിന്നീട് തകരാറ് വന്നത് കണക്കിലെടുത്താണ് വിധി.

ഫ്രഞ്ച് കന്പനി പോളി ഇംപ്ലാന്‍റ് പ്രോതീസ് നിർമിച്ച ഉത്പന്നം നിലവാരമുള്ളതാണെന്ന് തെറ്റായി ടിയുവി സാക്ഷ്യപ്പെടുത്തിയതാണ് ഇതിനു കാരണമായി വ്യക്തമാക്കിയത്. ഓരോരുത്തർക്കും മൂവായിരം യൂറോ വീതമാണ് ടിയുവി നൽകേണ്ടത്.

മെഡിക്കൽ ആവശ്യത്തിനുള്ള സിലിക്കോണാണ് ഇംപ്ലാന്‍റുകളിൽ ഉപയോഗിക്കേണ്ടത്. അതിനുപകരം വില കുറഞ്ഞ ഇൻഡസ്ട്രിയൽ ഗ്രേഡ് സിലിക്കണാണ് പിഐപി എന്ന കന്പനി ഉപയോഗിച്ചു വന്നത്. കന്പനി പാപ്പരായതിനെ തുടർന്ന് നഷ്ടപരിഹാരം കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നിരിക്കുകയാണ്.

2010 ലാണ് സംഭവം ഉണ്ടായതെങ്കിലും 2011 മുതൽ 65 രാജ്യങ്ങളിലെ യുവതികൾ ഇത്തരം സൗന്ദര്യശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ അന്നുമുതൽ ആരംഭിച്ച കേസിന് ഇപ്പോഴാണ് കോടതിയുടെ സുപ്രധാനമായ വിധിയുണ്ടാകുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ