മകരസംക്രമ നിർവൃതിയിൽ മാഞ്ചസ്റ്റർ അയ്യപ്പഭക്തർ
Monday, January 23, 2017 7:54 AM IST
മാഞ്ചസ്റ്റർ: ഈ വർഷത്തെ മകരവിളക്ക് പൂജ ജനുവരി 14ന് മാഞ്ചസ്റ്റർ ഹിന്ദു മലയാളി കമ്യൂണിറ്റി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

ദക്ഷിണായനത്തിൽ നിന്ന് സൂര്യൻ ഉത്തരായനത്തിന്‍റെ തുടക്കം കുറിച്ച് ധനുരാശിയിൽ നിന്ന് മകരരാശിയിലേക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. ശനിദേവൻകൂടിയായ അയ്യപ്പന്‍റെ ഇഷ്ടദിനമായ ശനിയാഴ്ചതന്നെ മകരസംക്രമദിനം വന്നതിനാൽ പൂജയുടെ പ്രാധാന്യം വർധിച്ചു.

കേരളിയരെ കൂടാതെ ഇതര സംസ്ഥാനക്കാരുടെ പങ്കാളിത്തവും ഈ വർഷത്തെ പ്രത്യേകത ആയിരുന്നു. പൂജാരി പ്രസാദ് ഭട്ടിന്‍റെ നേതൃത്തിലുള്ള പൂജയും ഭക്തിസാന്ദ്രമായ ഭജനയും കൂടിചേർന്നപ്പോൾ ഭക്തജനങ്ങൾക്കതൊരു വേറിട്ട അനുഭവമായി. നിറദീപങ്ങളുടെയും ശരണംവിളികളുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിളക്കുപൂജയും പടിപൂജയും കഴിഞ്ഞ് ഹരിവരാസനംപാടി അയ്യപ്പനെ ഉറക്കി. തുടർന്ന് പൂജയിൽ സന്നിഹിതരായ എല്ലാ ഭക്ത ജനങ്ങൾക്കും അന്നദാനവും നൽകി. പൂജയിൽ പങ്കെടുത്ത എല്ലാവർക്കും മലയാളി ഹിന്ദു കമ്യൂണിറ്റിക്കുവേണ്ടി പ്രസിഡന്‍റ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: അല്കസ് വർഗീസ്