പെർത്തിൽ ആറ്റുകാൽ പൊങ്കാല വഴിപാട് മാർച്ച് 11ന്
Saturday, February 4, 2017 8:36 AM IST
പെർത്ത്: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ ആറ്റുകാലമ്മയ്ക്ക് സ്ത്രീകൾ നടത്തുന്ന വഴിപാടായ പൊങ്കാല അതെ തനിമയോടെ ഇത്തവണ പെർത്തിലെ ശ്രീമുരുഗൻ ക്ഷേത്രത്തിൽ സംഘടിപ്പിക്കുമെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു.

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരവും ആത്മസമർപ്പണവുമായാണ് പൊങ്കാലയെ ഹിന്ദു സമൂഹം കാണുന്നത്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് സ്ത്രീകൾ പൊങ്കാലയെ കരുതിപ്പോരുന്നത്. വ്രതശുദ്ധി, മനഃശുദ്ധി, ശരീരശുദ്ധി എന്നിവയോടെ തികഞ്ഞ ചിട്ടവട്ടങ്ങളോടെ തലേന്നുമുതൽ സ്ത്രീകൾ തങ്ങളുടെ വഴിപാടൊരുക്കുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങും. തുടർന്നു പുലർച്ചെ പൊങ്കാല അടുപ്പിന് സമീപം ഗണപതിക്ക് വയ്ക്കുക എന്ന ചടങ്ങിൽ തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ ആചാരപൂർവം സമർപ്പിച്ച് പുതിയ മണ്‍കലത്തിൽ പൊങ്കാല ഇടുന്നതാണ് ചടങ്ങ്.

പ്രപഞ്ചത്തിന്‍റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ് തിളച്ച് അഹംബോധം നശിക്കുകയും ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്‍റെ പായസമായി മാറുന്നു എന്നുമാണ് സങ്കല്പം. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനുശേഷം മറ്റ് അടുപ്പുകളിലേക്ക് തീ പകർന്നുകൊടുക്കുന്നു. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർഥം തളിക്കുന്നതോടെ പൊങ്കാല ചടങ്ങുകൾ സമാപിക്കും.

ഹൈന്ദവ സാംസ്കാരിക സംഘടനയായ സംസ്കൃതി ആണ് ഭക്തർക്കായി പൊങ്കാല വഴിപാട് ഒരുക്കിയിരിക്കുന്നത്. മാർച്ച് 11ന് (ശനി) രാവിലെ എട്ടരയോടെ പെർത്തിലെ ബാല മുരുഗൻ ക്ഷേത്രാങ്കണത്തിൽ (12 Mandogalup Rd, Mandogalup WA 6167) പ്രത്യേകം തയാറാക്കുന്ന പൊങ്കാല അടുപ്പുകളിൽ ക്ഷേത്ര പൂജാരിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചയോടെ സമാപിക്കും. ദ്രവ്യങ്ങളും മണ്‍കലവും വിറകും സാമഗ്രികളും അടങ്ങുന്ന ഉല്പന്നങ്ങളടക്കം 40 ഡോളറാണ് പൊങ്കാല വഴിപാടിന് ചെലവ് വരുന്നത്.

പൊങ്കാല ഇടുന്ന സ്തീകൾ ഹിത നായർ 0422302092, ദീപ്തി ആകർഷ് 047018716, സുജിത ധനീഷ് 0413443430 എന്നിവരുമായി ബന്ധപ്പെട്ട് കൂപ്പണുകൾ കരസ്ഥമാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: കെ.പി. ഷിബു