നോർവേയുടെ ബാലാവകാശ സംരക്ഷണം അതിരുകടക്കുന്നു: യൂറോപ്യൻ കോടതി
Friday, February 17, 2017 9:57 AM IST
ഓസ്ലോ: മാതാപിതാക്കൾ കുട്ടികളെ ശാസിച്ചാൽ കുട്ടികളെ ഏറ്റെടുക്കുന്നതു പോലുള്ള കടുത്ത ബാലാവകാശ സംരക്ഷണ ചട്ടങ്ങൾ നിലവിലുള്ള രാജ്യമാണ് നോർവേ. ഇന്ത്യക്കാർ അടക്കമുള്ള മാതാപിതാക്കൾ ഇതിന്‍റെ ബുദ്ധിമുട്ട് പലവട്ടം അനുഭവിച്ചിട്ടുള്ളതുമാണ്. ഇപ്പോഴിതാ യൂറോപ്യൻ യൂണിയൻ മനുഷ്യാവകാശ കോടതിയും നോർവേയുടെ അതിരുകടക്കലിനെ രൂക്ഷമായി വിമർശിക്കുന്നു.

കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ, ബാലാവകാശത്തിന്‍റെ പേരിൽ നോർവീജിയൻ അധികൃതർ സ്വീകരിച്ച ക്രൂരമായ നടപടികൾക്കെതിരേ എട്ടു കേസുകളാണ് മനുഷ്യാവകാശ കോടതിയിലെത്തിയിരിക്കുന്നത്. ഇതു ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നോർവീജിയൻ ചൈൽഡ് വെൽഫെയർ സർവീസിനാണ് രാജ്യത്ത് ബാലാവകാശം സംരക്ഷിക്കാനുള്ള ചുമതല. ഇവരുടെ അതിരു കടന്ന നടപടികൾക്കെതിരേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

കുട്ടികളെ പീഡിപ്പിച്ചുവെന്ന കേസിൽ മലയാളികളായ ദന്പതികളെ 2011 ൽ നോർവേ കോടതി ശിക്ഷിച്ചിരുന്നു. കൂടാതെ പോയ വർഷം ഇന്ത്യൻ ദന്പതികളെയും ഇക്കാരണത്താൽ പ്രോസിക്യൂട്ട് ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ